ന്യൂദല്‍ഹി: കൊവിഡ് നേരിടാന്‍ വിദേശ സഹായം സ്വീകരിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ചെയ്യേണ്ട പണി നേരത്തെ എടുത്തിരുന്നെങ്കില്‍ സര്‍ക്കാരിന് വിദേശ രാജ്യങ്ങളെ സഹായത്തിനായി ആശ്രയിക്കേണ്ടി വരില്ലായിരുന്നുവെന്നും മഹാമാരിയെ നേരിടുന്നതില്‍ പൂര്‍ണ്ണപരാജയമാണ് തങ്ങളെന്ന് തെളിയിച്ചിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.
‘വിദേശ സഹായം സ്വീകരിക്കുന്നത് വലിയ വീരകൃത്യമായാണ് കേന്ദ്രം കണക്കാക്കുന്നത്. സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ നേരത്തെ ചെയ്തിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇങ്ങനെ സഹായത്തിനായി നിലവിളിക്കേണ്ടി വരില്ലായിരുന്നു’, രാഹുല്‍ ട്വിറ്ററിലെഴുതി.
വിദേശത്ത് നിന്ന് സ്വീകരിച്ച തുകയുടെ കണക്ക് പുറത്തുവിടണമെന്ന് കോണ്‍ഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. യാതൊരു സുതാര്യതയുമില്ലാതെയാണ് കേന്ദ്രം ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞിരുന്നു.
അതേസമയം രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര മാധ്യമങ്ങള്‍ തന്നെ രംഗത്തെത്തിയിരുന്നു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,66,161 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3754 പേര്‍ ഈ സമയത്തിനിടെ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു.
3,53,818 പേര്‍ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടി. 37,45,237 സജീവരോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. 1,86,71,222 പേര്‍ ഇതു വരെ രോഗമുക്തരായി.
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,26,62,575 ആയി. 2,46,116 പേര്‍ ഇതുവരെ വൈറസ്ബാധ മൂലം മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക