| Tuesday, 26th May 2020, 12:44 pm

'രോഗികള്‍ കൂടുമ്പോള്‍ ഇവിടെ ഇളവ് പ്രഖ്യാപിക്കുന്നു'; രാജ്യം നേരിടുന്നത് ലോക്ക് ഡൗണ്‍ പരാജയപ്പെട്ടതിന്റെ പരിണിതഫലമെന്ന് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ പരാജയമാണെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ഗാന്ധി. ആസൂത്രണമില്ലാതെ ലോക്ക് ഡൗണ്‍ നടപ്പില്ലാക്കിയതിന്റെ പരിണിത ഫലങ്ങളാണ് രാജ്യം ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്നും രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘ലോക്ക് ഡൗണിന്റെ ഉദ്ദേശവും ലക്ഷ്യവും പരാജയപ്പെട്ടു. ഇന്ത്യ അനുഭവിച്ചു കൊണ്ടിരിക്കുന്നത് അതിന്റെ പരിണിതഫലമാണ്,’ രാഹുല്‍ പറഞ്ഞു.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ ഒരു ഗുണവും രാജ്യത്തിന് ഇതുവരെ ലഭിച്ചില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

‘കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്ന ഒരേ ഒരു രാജ്യം ഇന്ത്യയാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ ഒരു ഗുണവും രാജ്യത്തിന് ഇതുവരെ ലഭിച്ചിട്ടില്ല,’ രാഹുല്‍ പറഞ്ഞു.

കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതിനെ പ്രതിരോധിക്കാന്‍ ഒന്നും തന്നെ കേന്ദ്ര സര്‍ക്കാരിന് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

കൊവിഡിനെ പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തനിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. കൊവിഡ് മഹാമാരിക്കിടയില്‍ ദുരിതത്തിലാകുന്ന പാവപ്പെട്ടവരെ സഹായിക്കാന്‍ കോണ്‍ഗ്രസ് ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നതായും രാഹുല്‍ പറഞ്ഞു.

ലോക്ക് ഡൗണ്‍ ഒരു പരാജയമാണെന്ന് രാഹുല്‍ നേരത്തെയും പ്രതികരിച്ചിരുന്നു. കേന്ദ്രത്തിന്റെ സാമ്പത്തിക പാക്കേജ് അപര്യാപ്തമാണെന്നും ജനങ്ങളുടെ കയ്യിലേക്ക് നേരിട്ട് പണമെത്തുന്നില്ലെന്നും രാഹുല്‍ നേരത്തെ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more