കൊല്‍ക്കത്ത: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ രണ്ട് സി.പി.എം സിറ്റിങ് സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല. ആറ് സിറ്റിംഗ് സീറ്റുകളില്‍ പരസ്പരം മത്സരിക്കേണ്ടെന്ന സി.പി.ഐ.എം നിര്‍ദ്ദേശം ഒടുവില്‍ കോണ്‍ഗ്രസ് അംഗീകരിച്ചു.
റായ് ഗഞ്ചില്‍ പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീമിനെയും മൂര്‍ഷിദാബാദില്‍ ബദറുദോസ ഖാനെയും സ്ഥാനാര്‍ഥികളായി സി.പി.ഐ.എം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് തീരുമാനം. കോണ്‍ഗ്രസിന്റെ നാലു സിറ്റിങ് സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തേണ്ടെന്ന് സി.പി.ഐ.എമ്മും തീരുമാനിച്ചിട്ടുണ്ട്.
തൃണമുല്‍ കോണ്‍ഗ്രസ്, ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ പരമാവധി സമാഹരിക്കുന്നതിനായി സിറ്റിംഗ് സീറ്റുകളില്‍ പരസ്പരം മത്സരിക്കേണ്ടെന്നായിരുന്നു സി.പി.ഐ.എം നിലപാട്. ഇതംഗീകരിക്കാന്‍ സംസ്ഥാന കോണ്‍ഗ്രസ് തയ്യാറായില്ല. എന്നാല്‍ റായ്ഗഞ്ചില്‍ പി.ബി അംഗം മുഹമ്മദ് സലീമും മുര്‍ഷിദാബാദില്‍ ബദറുദ്ദോസ ഖാനും മത്സരിക്കുമെന്ന് ഇടതുമുന്നണി പ്രഖ്യാപിക്കുകയായിരുന്നു.
തുടര്‍ന്ന് സി.പി.ഐ.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും ദേശീയ നേതൃത്വം ഇടപെട്ട് സിറ്റിംഗ് സീറ്റുകളില്‍ പരസ്പരം മത്സരിക്കേണ്ടെന്ന തീരുമാനമെടുക്കുകയായിരുന്നു.
ഇരുപാര്‍ട്ടികളും ഒറ്റക്ക് മത്സരിച്ച 2014ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നാലും സി.പി.എമ്മിന് രണ്ടും സീറ്റുകളാണ് ലഭിച്ചത്. ബഹരാംപുര്‍, ജംഗിപുര്‍, മാല്‍ഡ ഉത്തര്‍, മാല്‍ഡ ദക്ഷിണ്‍ എന്നീ മണ്ഡലങ്ങളാണ് കോണ്‍ഗ്രസ് വിജയിച്ചത്. ഈ മണ്ഡലങ്ങളില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല.
ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് നീക്കി മതേതര സര്‍ക്കാരിനെ അധികാരത്തിലേറ്റുക, ലോക്‌സഭയില്‍ സി.പി.ഐ.എമ്മിന്റെയും ഇടത്പക്ഷത്തിന്റെയും അംഗബലം വര്‍ധിപ്പിക്കുക എന്നതാണ് സി.പി.ഐ.എം ലക്ഷ്യമിടുന്നത്. ഇതാണ് കോണ്‍ഗ്രസുമായുള്ള ധാരണയിലെത്തിയത്.