ന്യൂദല്‍ഹി: ഇന്ധനവില വര്‍ധനവിനെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും വില വര്‍ധിച്ചിട്ടുണ്ടെന്നും ഇത് എന്തുകൊണ്ടാണെന്ന് രാഹുല്‍ ഗാന്ധി പറയണമെന്നും മന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ രാജസ്ഥാന്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ഇന്ധന നികുതി കുറയ്ക്കണമെന്നും പ്രധാന്‍ പറഞ്ഞു. ഇന്ധന വില വര്‍ധനവിന് എതിരായ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
എണ്ണവില ഉയരുകയാണെന്നും കേന്ദ്രസര്‍ക്കാരിന് അതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
മഹാരാഷ്ട്രയില്‍ എണ്ണ വിലയേറിയാണ് ഇരിക്കുന്നത്, രാജസ്ഥാനില്‍ എന്തുകൊണ്ട് എണ്ണ വിലയേറിയതാണ്. പഞ്ചാബില്‍ എണ്ണ വിലയേറിയത് എന്തുകൊണ്ടാണ്. ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്താന്‍ രാഹുല്‍ ഗാന്ധിക്ക് മാത്രമേ കഴിയൂ എന്നായിരുന്നു ഇതിന് മറുപടിയായി മന്ത്രി പറഞ്ഞത്.
അതേസമയം ഇന്ധനവില നൂറ് കടന്ന ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലെ വില വര്‍ധനവിനെ കുറിച്ച് മന്ത്രി പ്രതികരിച്ചില്ല.
പെട്രോള്‍ – ഡീസല്‍ വില വര്‍ധനവ് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനാണെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു. പ്രയാസകരമായ സാഹചര്യത്തില്‍ ക്ഷേമ പദ്ധതികള്‍ക്കായി പണം കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമായി മന്ത്രി പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ വര്‍ഷം 35000 കോടി രൂപ കൊവിഡ് വാക്‌സീനായി ചെലവഴിക്കുകയാണ്. ഈ സാഹചര്യം മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു.
വില വര്‍ധനവ് പൗരന്മാര്‍ക്കും ഉപഭോക്താക്കള്‍ക്കും പ്രശ്നമുണ്ടാക്കുന്നുവെന്ന് താന്‍ സമ്മതിക്കുന്നു, അതില്‍ യാതൊരു സംശയവുമില്ലെന്നും മന്ത്രി പറഞ്ഞു.
ഒരു ലക്ഷം കോടി രൂപ ചെലവഴിച്ച് 8 മാസത്തേക്ക് സൗജന്യ ഭക്ഷണം നല്‍കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രധാന്‍ മന്ത്രി ഗരിബ് കല്യാണ്‍ യോജന ആരംഭിച്ചുവെന്നും കേന്ദ്ര പെട്രോളിയം മന്ത്രി പറഞ്ഞു.
കഴിഞ്ഞ ആറ് ആഴ്ചയ്ക്കുള്ളില്‍ പെട്രോളിന് ലിറ്ററിന് 5.72 രൂപയും ഡീസലിന് ലിറ്ററിന് 6.25 രൂപയുമാണ് വില വര്‍ധിച്ചത്.