| Tuesday, 16th February 2021, 8:07 pm

'രാഹുല്‍ ഗാന്ധി ഒരു ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിക്കൂ'; യുവാക്കള്‍ക്ക് പ്രചോദനമാകട്ടെയെന്ന് രാംദാസ് അത്താവലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഒരു ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യ ഭരിക്കുന്നത് നാം രണ്ട് നമുക്ക് രണ്ട് എന്ന തത്വത്തിലാണെന്ന് രാഹുല്‍ പരിഹസിച്ചതിനു മറുപടി നല്‍കവെയായിരുന്നു ഈ പരാമര്‍ശം.

‘നാം രണ്ട് നമുക്ക് രണ്ട് എന്നത് കുടുംബാസൂത്രണം പ്രോത്സാഹിപ്പിക്കാന്‍ ഉപയോഗിച്ച മുദ്രാവാക്യമായിരുന്നു. രാഹുലിന് ഇത് പ്രോത്സാഹിപ്പിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ ഒരു കാര്യം ചെയ്യൂ. അദ്ദേഹം ഉടന്‍ തന്നെ ഒരു വിവാഹം കഴിക്കൂ. ഒരു ദളിത് പെണ്‍കുട്ടിയെ തന്നെ വിവാഹം കഴിക്കണം. അതിലൂടെ മഹാത്മാ ഗാന്ധിയുടെ സ്വപ്‌നം സാക്ഷാത്കരിക്കണം. ഇത് രാജ്യത്തെ യുവാക്കള്‍ക്ക് പ്രചോദനമാകും’, അത്താവലെ പറഞ്ഞു.

ഫെബ്രുവരി 11നാണ് മോദിയ്‌ക്കെതിരെ നാം രണ്ട് നമുക്ക് രണ്ട് പരാമര്‍ശവുമായി രാഹുല്‍ രംഗത്തെത്തിയത്. പ്രധാനമന്ത്രി നാല് പേരെ വച്ചാണ് രാജ്യത്തിന്റെ ഭരണം നടത്തുന്നതെന്ന് രാഹുല്‍ പറഞ്ഞു.

‘നാം രണ്ട്, നമുക്ക് രണ്ട്’ എന്ന തത്വത്തിലാണ് മോദി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ജി.എസ്.ടി, നോട്ട് നിരോധനം, ലോക്ക്ഡൗണ്‍, കാര്‍ഷിക നിയമങ്ങള്‍ എന്നിങ്ങനെ എല്ലാ തീരുമാനങ്ങളും ഇങ്ങനെയാണ് നരേന്ദ്രമോദി എടുത്തതെന്നും രാഹുല്‍ വിമര്‍ശിച്ചു.

‘കുടുംബാസൂത്രണകാലത്ത് നമ്മുടെ ഒരു മുദ്രാവാക്യമുണ്ടായിരുന്നു, നാം രണ്ട് നമുക്ക് രണ്ട്. അത് പോലെയാണ് ഇവിടെയും കാര്യങ്ങള്‍ നടക്കുന്നത്. സര്‍ക്കാര്‍ ആ മുദ്രാവാക്യത്തിന് പുതിയൊരു അര്‍ത്ഥം കണ്ടുപിടിച്ചിരിക്കുകയാണ്. നാല് പേരെക്കൊണ്ടാണ് മോദി ഈ രാജ്യം ഓടിക്കുന്നത്. എല്ലാവര്‍ക്കും അവരെ അറിയാമല്ലോ’ എന്ന് രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Ram Das Athawale Slams Rahul Gandhi

We use cookies to give you the best possible experience. Learn more