ഹൈദരാബാദ്: രാഹുല്‍ ഗാന്ധി വീണ്ടും കേരളത്തില്‍ നിന്ന് മത്സരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. ലോകസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മികച്ച വിജയം നേടാനുള്ള തന്ത്രങ്ങള്‍ ഇത്തവണയും കോണ്‍ഗ്രസിന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഘടനാ തലത്തില്‍ സംവരണം വേണമെന്നും ദളിത് വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് സംഘടന തലത്തില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും, അത് വിജയ സാധ്യത വര്‍ധിപ്പിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് പ്രവര്‍ത്തക സമിതിയ യോഗത്തില്‍ ആവശ്യപ്പെട്ടു.
‘2019 ല്‍ കേരളത്തില്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും മികച്ച വിജയം നേടാനായതിന്റെ പ്രധാന കാരണം രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വമായിരുന്നു. അത് കൊണ്ട് 2024ലും വയനാട്ടില്‍ നിന്ന് രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കണം. രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടില്‍ മത്സരിക്കുകയാണെങ്കില്‍ കേരളത്തില്‍ യു.ഡി.എഫിന് അനുകൂലമായൊരു തരംഗമുണ്ടാകും.
രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കിയപ്പോള്‍ തന്നെ അദ്ദേഹത്തോട് വലിയ സിമ്പതി കേരളത്തിലെ ജനങ്ങള്‍ക്കുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ രാഹുല്‍ ഗാന്ധി വീണ്ടും കേരളത്തില്‍ നിന്ന് മത്സരിക്കണമെന്ന കേരളത്തിലെ ജനങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ആവശ്യം താന്‍ മുന്നണി യോഗത്തില്‍ അറിയിച്ചിട്ടുണ്ട്,’കൊടിക്കുന്നില്‍ സുരേഷ് എം.പി. പറഞ്ഞു.
കോണ്‍ഗ്രസിന്റെ വിശാല പ്രവര്‍ത്തക സമിതി യോഗമാണ് ഇപ്പോള്‍ ഹൈദരാബാദില്‍ നടന്നുകൊണ്ടിരിക്കുന്നത്. 2024 പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയുടെ ഭാഗമായി നില്‍ക്കുമ്പോഴുണ്ടാകേണ്ട സീറ്റ് വിഭജനമടക്കമുള്ള കാര്യങ്ങളില്‍ ചര്‍ച്ചകളുണ്ടാകും. സീറ്റ് വിഭജന കാര്യത്തില്‍ പ്രാദേശിക ഘടകങ്ങളുടെ അഭിപ്രായം തേടുന്നതടക്കം ഇന്ന് നടക്കുന്ന യോഗത്തിന്റെ അജണ്ടകളിലുണ്ട്.
147 പേരാണ് ഇന്നത്തെ പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുക്കുന്നത്. തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രാചാരണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള മെഗാറാലിയും ഇന്ന് നടക്കുന്നുണ്ട്.
content highlights: Rahul Gandhi should contest in Wayanad again, reservation should be given to Dalits in the organization; Kodikunnil Suresh