കോഴിക്കോട്: സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിച്ചതിന് രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പ് പറയണമെന്നും, ഇത് കേരളീയരെ ആകെ അപമാനിക്കുന്നതിന് തുല്ല്യമാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
ഭാരത് ജോഡോ യാത്രക്കിടെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മൃതിമണ്ഡപം ഉദ്ഘാടനത്തിന് രാഹുല്‍ ഗാന്ധി എത്താത്തതിനെതിരെ പത്രസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍.
‘സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുന്ന കാഴ്ചയാണ് ഇന്നലെ തിരുവനന്തപുരത്ത് നടന്നത്. രാജ്യത്തെ ഒന്നിപ്പിക്കാനാണെന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി നടത്തുന്ന യാത്രയില്‍ നേരെ വിപരീതമായ കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
കേരളത്തിലെ ഗാന്ധീയന്‍ കണ്ണികളില്‍പെട്ട ഏറ്റവും അവസാനത്തെ രണ്ട് ഉന്നത ശ്രേഷ്ഠരായിരുന്നു ഗോപിനാഥന്‍ നായരും, കെ.ഇ. മാമനും. ഈ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതിമണ്ഡപം ഉദ്ഘാടനം ചെയ്യാന്‍ അതിന് മുമ്പിലൂടെ യാത്ര ചെയ്തിട്ടും രാഹുല്‍ ഗാന്ധി എത്തിയില്ല. സ്വാതന്ത്ര്യ സമര സേനാനികളെയും കുടുംബങ്ങളെയും അങ്ങേയറ്റത്തെ അനാദരവോടെയാണ് അദ്ദേഹം കണ്ടത്.
രാഹുല്‍ ഗാന്ധിക്ക് രാജ്യദ്രോഹ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരോട് സംസാരിക്കാന്‍ സമയമുണ്ട്. അവരോടൊപ്പം സമയം ചെലവഴിക്കുന്നതിന് മടിയില്ല. എന്നാല്‍ സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിച്ചതിന് ഒരു മനസാക്ഷിക്കുത്തും അദ്ദേഹത്തിനില്ല.
കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രാഹുല്‍ ഗാന്ധിക്കെതിരെ പരസ്യമായി പ്രതികരിക്കുകയാണ്. ഈ വിഷയത്തില്‍ രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പ് പറയണം. ഇത് സ്വാതന്ത്ര്യ സമര സേനാനികളെ മാത്രമല്ല, കേരളീയരെ ആകെ അപമാനിക്കുന്നതിന് തുല്ല്യമാണ്,’ സുരേന്ദ്രന്‍ പറഞ്ഞു.
ഭാരത് ജോഡോ യാത്രയ്ക്കിടെ നെയ്യാറ്റിന്‍കരയിലെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മൃതിമണ്ഡപം ഉദ്ഘാടനത്തിന് രാഹുല്‍ ഗാന്ധി എത്താതിരുന്നതാണ് കോണ്‍ഗ്രസ് നേതാക്കളെ ചൊടിപ്പിച്ചത്. സംഭവത്തില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ പ്രതിഷേധം അറിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഭാരത് ജോഡോ യാത്ര പരിപാടി നടക്കുന്ന ആശുപത്രിക്ക് മുന്നിലൂടെ കടന്നുപോകുമ്പോള്‍ സ്മൃതിമണ്ഡപം ഉദ്ഘാടനം ചെയ്യാനെത്തുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കിയിരുന്നെങ്കിലും അവസാന നിമിഷം പരിപാടിയില്‍ നിന്ന് പിന്മാറുകയായിരുന്നു.
ജോഡോ യാത്ര ആ വഴി കടന്നു പോയെങ്കിലും സ്മൃതിമണ്ഡപം ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ ആശുപത്രിയിലേക്ക് കയറിയില്ല. സ്മൃതിമണ്ഡപം അനാച്ഛാദനം ചെയ്ത് വൃക്ഷത്തൈ നടുകയായിരുന്നു പരിപാടി.
രാഹുല്‍ ഗാന്ധി എത്താത്തതിലെ പ്രതിഷേധം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും, ശശി തരൂര്‍ എം.പിയും ഭാരത് ജോഡോ യാത്രയുടെ സംഘാടകരോട് തുറന്നടിച്ചു. പിന്നീട് ചടങ്ങിന്റെ സംഘാടകരോട് കെ.പി.സി.സി നേതൃത്വം ക്ഷമ ചോദിക്കുകയും ചെയ്തു. ഇത്തരം നടപടികള്‍ പാര്‍ട്ടിയുടെ വിശ്വാസ്യത തകര്‍ക്കുമെന്ന് ശശി തരൂര്‍ കെ.പി.സി.സി അധ്യക്ഷനടക്കമുള്ളവരോട് പറയുന്നത് ദ്യശ്യങ്ങളില്‍ കാണാം.
അതേസമയം, മറ്റ് പരിപാടികള്‍ വൈകിയതിനാലാണ് ഈ പരിപാടി രാഹുല്‍ ഒഴിവാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം.