national news
ചൗഹാന്‍ കള്ളം പറയുന്നു; കുടുംബാംഗങ്ങളുടെ കാര്‍ഷിക ലോണ്‍ എഴുതിതള്ളിയെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 May 14, 12:27 pm
Tuesday, 14th May 2019, 5:57 pm

ന്യൂദല്‍ഹി: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ശിവരാജ് സിങ് ചൗഹാന്റെ കുടുംബാംഗങ്ങളുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളിയെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

‘ഞാന്‍ നിങ്ങള്‍ക്ക് വ്യക്തമായി കാണിച്ചുതാരം, ഈ ഫോമുകള്‍ നോക്കൂ. കോണ്‍ഗ്രസ് പാര്‍ട്ടി ശിവരാജ് സിങ് ചൗഹാന്റെ കുടുംബാംഗങ്ങളുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളി. എന്നാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയിട്ടില്ലെന്ന് അദ്ദേഹം കള്ളം പറയുകയാണ്.’ഉജ്ജെയിനില്‍ സംഘടിപ്പിച്ച പൊതുജനറാലിയില്‍ അദ്ദേഹം പറഞ്ഞു.

കടങ്ങള്‍ എഴുതിത്തള്ളിയ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സഹായം കിട്ടിയവരില്‍ മുന്‍മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ സഹോദരന്‍ രോഹിത് സിങും അമ്മാവന്റെ മകന്‍ നിരഞ്ജന്‍ സിങ്ങുമുണ്ടെന്ന് രാഹുല്‍ നേരത്തെ പറഞ്ഞിരുന്നു.

എന്നാല്‍ താന്‍ അതിന്റെ വാസ്തവം അന്വേഷിച്ചിരുന്നെന്നും അത്തരത്തില്‍ ഒന്നും സംഭവിച്ചിട്ടില്ല എന്നുമായിരുന്നു ശിവരാജ് സിങ് ചൗഹാന്റെ മറുപടി.

‘ഞാന്‍ വാസ്തവം അന്വേിച്ചിരുന്നു. എന്റെ സഹോദരന്‍ ലോണ്‍ എഴുതിത്തള്ളുന്നതിനായി അപേക്ഷിച്ചിട്ടില്ല. ഇന്‍കം ടാക്‌സ് പെയും അവരുടെ പേര് ലിസ്റ്റില്‍ എഴുതിയിട്ടുണ്ട്.’ ചൗഹാന്‍ പറഞ്ഞു.

മധ്യപ്രദേശില്‍ അധികാരത്തിലെത്തിയതിന് ശേഷം 21 ലക്ഷം കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളിയെന്ന് അവകാശപ്പെട്ടു കൊണ്ട് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം രേഖകള്‍ പുറത്തു വിട്ടിരുന്നു.

എന്നാല്‍ വിമര്‍ശനമുന്നയിക്കുന്ന ശിവരാജ് സിങ് ചൗഹാന്റെ വീടിന് മുന്നില്‍ കര്‍ഷകരുടെ പേര് വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ചും മുന്‍മുഖ്യമന്ത്രിയ്ക്ക് ച്യവനപ്രാശം അയച്ചുകൊടുത്തുമൊക്കെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്.