| Friday, 9th September 2022, 2:45 pm

രാഹുല്‍ ഗാന്ധി ശിഹാബ് ചോറ്റൂരില്‍ നിന്ന് പഠിക്കേണ്ടത്

താഹ മാടായി

മലപ്പുറത്തെ ഒരു മുസ്‌ലിം യുവാവ് കാല്‍നടയായി മക്കയിലേക്ക് പുറപ്പെടുന്നു. ആദ്യം ഒരു കൗതുക വാര്‍ത്തയായും പിന്നീട് അതിശയമായും ആ യാത്ര മാറുന്നു.‘ അതിശയ ശിഹാബ്’  എന്ന വൈവിധ്യത്തെ ചേര്‍ത്തിണക്കുന്ന ഒരു കണ്ണിയായി മാറുന്നതാണ് പിന്നീട് നാം കാണുന്നത്.

ശ്രീശങ്കരാചാര്യര്‍ നടന്നു കണ്ട ഇന്ത്യ എന്ന വിസ്മയത്തെ തൊപ്പിയിട്ട ഒരു മലപ്പുറം മാപ്പിള സ്വന്തം ‘കാലടി ‘ കൊണ്ട് നടന്നു കാണുന്നു. പോകുന്ന വഴിയില്‍ ‘മതാത്മക ‘ ഇന്ത്യയെയാണ് ശിഹാബ് കാണുന്നത്. മതേതരത്വത്തെ മാന്തിപ്പൊളിച്ച് പുണ്ണാക്കാന്‍ ഇഷ്ടപ്പെടാത്ത മതാത്മകരുടെ ഒരു ഇന്ത്യ ശിഹാബിന്റെ വഴിയിലുടനീളം കാണാം.

അവര്‍ ശിഹാബിനെ നിറഞ്ഞ മനസ്സോടെ അനുഗ്രഹിക്കുന്നു. പൊലീസുകാര്‍ അതാതിടങ്ങളില്‍ ആ യാത്രയെ കാലുഷ്യമില്ലാതെ അനുഗമിക്കുന്നു. ‘യാത്ര’യുടെ പര്യായപദമായി ശിഹാബ് എന്ന പേര്‍ മാറുന്നു. ആ യാത്രയെ പൊട്ടിപ്പിരാകിയ സലഫികള്‍ ചിലര്‍ ഇപ്പോള്‍ നിരാശരാവാനാണ് സാധ്യത, അവരത് സമ്മതിച്ചു തരില്ലെങ്കിലും.

നടക്കുക എന്നത് വര്‍ത്തമാനത്തിന്റെ ഭാവിയാണ്. ഇന്നില്‍ നാളെയിലേക്കുള്ള തുടര്‍ച്ച. മഹാത്മാഗാന്ധിയും നടക്കുകയായിരുന്നു. ‘നടപ്പു കാലം’ എന്താണെന്നറിയാന്‍ നടക്കുക തന്നെ വേണം. അത് ഒട്ടും എളുപ്പമല്ല. എന്നാല്‍ ശിഹാബ് ഇന്ത്യയുടെ അതിര്‍ത്തിയില്‍ എത്തിയിരിക്കുന്നു.

കാഴ്ചയെ ഇരുട്ടില്‍ നിര്‍ത്താത്ത, ‘കള്ളവും ചതിയും എള്ളോമില്ലാത്ത ‘ കാല്‍നട. അത് ഇന്ത്യന്‍ ചരിത്രത്തില്‍ ഒരു യുവാവ് നടത്തുന്ന അതുല്യമായ ‘ഭാരത് ദര്‍ശന്‍’ അനുഭവമാണ്. ശിഹാബിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ല. മക്കയിലേക്കുള്ള കാല്‍പ്പാദദൂരങ്ങള്‍, ഇക്കാലത്തും അത് സാധ്യമാണ്. ആ അസാധാരണമായ സാധ്യതയെയാണ് ശിഹാബ് പദമുദ്രകള്‍ കൊണ്ട് രേഖപ്പെടുത്തുന്നത്.

മറ്റൊരു യുവാവും കന്യാകുമാരിയില്‍ നിന്ന് കാശ്മീരിലേക്ക് യാത്ര പുറപ്പെടുകയാണ്. ആ യുവാവിന്റെ പേര്‍ രാഹുല്‍ ഗാന്ധി എന്നാണ്. ഇന്ത്യന്‍ നടപ്പുകാല യാഥാര്‍ഥ്യങ്ങളെ ഏറ്റവും സത്യസന്ധമായി വിളിച്ചു പറയുന്ന ഒരാള്‍.

രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര, ഇന്ത്യയെ മനസ്സിലാക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ ശ്രമത്തിന്റെ ഭാഗമാണെങ്കില്‍ വ്യക്തിഗതമായി അതൊരു രാഷ്ട്രീയ വിജയമായിരിക്കും.

ഇന്ത്യയെ അറിയുന്നതിന് മഹാത്മാഗാന്ധി തീവണ്ടിയില്‍ തേഡ് ക്ലാസില്‍ യാത്ര ചെയ്തത് ഇന്നൊരു അമൂല്യമായ ചരിത്രരേഖയാണ് – (തേഡ് ക്ലാസ് ഇന്‍ ഇന്ത്യന്‍ റെയില്‍വേസ് – 1917) ഇരമ്പുന്ന, നാനാവിധത്തില്‍ സങ്കീര്‍ണ്ണമായ ഇന്ത്യന്‍ ജീവിതം ആ യാത്രയില്‍ ഗാന്ധിജി കണ്ടു.

എങ്ങനെയുള്ള ഇന്ത്യയെയാണ് രാഹുല്‍ വീണ്ടെടുക്കേണ്ടത് എന്നത് ഒരു രാഷ്ട്രീയ ചോദ്യമാണ്. കൂറുമാറുന്ന, ജയിപ്പിച്ച ജനതെയെ റിസോര്‍ട്ടില്‍ അര്‍മാദ ജീവിതം നയിച്ച് തോല്‍പിക്കുന്ന കൂറുമാറ്റ പ്രതിനിധാന വാഹകരായ കോണ്‍ഗ്രസിനെ എങ്ങനെ വിശ്വസിക്കും, ഈ ജനത?

ഏതുറപ്പിലാണ് സാധാരണ മനുഷ്യന്‍ കോണ്‍ഗ്രസിനെ തങ്ങളുടെ ഭാവി രാഷ്ട്രീയത്തിന്റെ ഭാഗധേയമായി തിരഞ്ഞെടുക്കുക? ജയിച്ചാല്‍ ബി.ജെ.പി. വിരിക്കുന്ന വലയില്‍ വീഴില്ല എന്നതിന് എന്താണുറപ്പ്?

സ്വന്തം പാര്‍ട്ടിയുടെ ഉറപ്പില്ലായ്മയായ്മയില്‍ ചവിട്ടിയാണ് രാഹുല്‍ ഗാന്ധിയുടെ യാത്ര. ഇന്ത്യ എന്ന ദീര്‍ഘമായ ആ വൈവിധ്യത്തെ രാഹുല്‍ തിരിച്ചറിഞ്ഞാലും, കൂടെ നടക്കുന്നവര്‍ തോല്‍പിക്കും. രാഹുല്‍ ഗാന്ധി, അല്ലെങ്കില്‍ കോണ്‍ഗ്രസ് ജനങ്ങളുടെ മുന്നില്‍ ഇപ്പോള്‍ പ്രതീക്ഷയുടെ ചെറിയ തുരുത്ത് പോലുമല്ല.

രാഹുല്‍ നടന്നു കാണുന്ന ഇന്ത്യ, കാലുമാറ്റക്കാരായ, അഭിശപ്തരായ കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ ഇന്ത്യയാണ്. ദേശവാസികളാണ് ഒരു രാജ്യത്തിന്റെ ജനാധിപത്യത്തെ നിലനിര്‍ത്തുന്നതും മുന്നോട്ടു കൊണ്ടു പോകുന്നതും.

രാഷ്ടീയ നേതാക്കന്മാരുടെ പ്രചോദിപ്പിക്കുന്ന നിരന്തരമായ ഇടപെടലുകള്‍ മുമ്പുണ്ടായിരുന്നതിനേക്കാള്‍ ഇരട്ടിയിലാവേണ്ട ചരിത്ര സന്ദര്‍ഭമാണ് ഇന്ത്യയിലുള്ളത്. ആ നിലയില്‍ ഒരു പ്രചോദനമാണ്, എല്ലാ വിമര്‍ശനങ്ങള്‍ക്കിടയിലും, രാഹുല്‍.

നിര്‍ഭാഗ്യവശാല്‍, രാഹുല്‍ ഒഴിച്ച്, മറ്റു വ്യക്തിഗത പ്രചോദനങ്ങള്‍ കണ്ടെത്താന്‍ കോണ്‍ഗ്രസ്സില്‍ നിന്ന് പ്രയാസമാണ്.

അതു കൊണ്ട് രാഹുല്‍ ശിഹാബിനെ പോലെ ഒറ്റയ്ക്ക് നടക്കട്ടെ. പിന്തുണണക്കുന്ന വലിയൊരു സമൂഹം ഒപ്പമുണ്ടാവും. വ്യക്തിഗതമായ മൂല്യങ്ങള്‍ അറിയാനും, അറിയിക്കാനുമായി ഒരു യാത്ര. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെങ്കില്‍, അതിന്റെ രാഷ്ട്രീയ ഗുണഭോക്താക്കള്‍ ബി.ജെ.പിയായിരിക്കും.

കാരണം, കോണ്‍ഗ്രസിന്റെ ചരിത്രം, ഒറ്റിന്റെ ചരിത്രം കൂടിയാണ്.

ഒറ്റയ്ക്ക് നടക്കുമ്പോള്‍ ഒറ്റുകാരുണ്ടാവില്ല. ഇന്ത്യയെ കണ്ടെത്താനോ കോണ്‍ഗ്രസിനെ വീണ്ടെടുക്കാനോ അല്ല, തന്നെത്തന്നെ കണ്ടെത്താനാണ് രാഹുലിന്റെ യാത്രയെങ്കില്‍, അത് രാഷ്ട്രീയമായി, വ്യക്തിഗതമായി ചില ഇന്ത്യന്‍ ബോധ്യങ്ങളിലേക്ക് നയിക്കാതിരിക്കില്ല.

താഹ മാടായി

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more