'അളിയന്‍ കര്‍ഷകരുടെ ഭൂമി കയ്യേറിയപ്പോള്‍ പ്രതികരിക്കാതെ ഇപ്പോള്‍ കര്‍ഷകര്‍ക്കായി മുതലക്കണ്ണീര്‍ പൊഴിക്കുന്നു'; രാഹുലിനെതിരെ സ്മൃതി ഇറാനി
farmers protest
'അളിയന്‍ കര്‍ഷകരുടെ ഭൂമി കയ്യേറിയപ്പോള്‍ പ്രതികരിക്കാതെ ഇപ്പോള്‍ കര്‍ഷകര്‍ക്കായി മുതലക്കണ്ണീര്‍ പൊഴിക്കുന്നു'; രാഹുലിനെതിരെ സ്മൃതി ഇറാനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th December 2020, 4:38 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കര്‍ഷകരെ ഇല്ലാത്തത് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയാണ് രാഹുല്‍ എന്നാണ് സ്മൃതിയുടെ വിമര്‍ശനം.

അമേഠിയിലെ കര്‍ഷക റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് രാഹുലിനെതിരെ രൂക്ഷവിമര്‍ശനവുമായി സ്മൃതിയെത്തിയത്.

‘പച്ചക്കള്ളമാണ് രാഹുല്‍ കര്‍ഷകരോട് പറയുന്നത്. ഇല്ലാത്തത് പറഞ്ഞ് അവരെ വഴിതെറ്റിക്കുകയാണ് അയാള്‍. പിന്തുണ കിട്ടാന്‍ വേണ്ടി മുതലക്കണ്ണീരും പൊഴിക്കുന്നു. പാവപ്പെട്ട കര്‍ഷകരുടെ ഭൂമി തട്ടിയെടുത്തയാളാണ് രാഹുലിന്റെ സഹോദരിയുടെ ഭര്‍ത്താവ്. അതേപ്പറ്റി ഒന്നും പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറല്ല, സ്മൃതി പറഞ്ഞു.

നേരത്തെ കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമറും രാഹുലിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. യു.പിയിലെ ഭാഗ്പട്ടിലെ കര്‍ഷക സംഘടനകള്‍ കര്‍ഷക നിയമത്തിന് അനുകൂലമായി മന്ത്രിയ്ക്ക് കത്ത് നല്‍കിയ പശ്ചാത്തലത്തിലായിരുന്നു വിമര്‍ശനം.

‘കേന്ദ്രം പാസാക്കിയ കര്‍ഷകനിയമങ്ങളെ പിന്തുണച്ച് ഭാഗ്പട്ടിലെ കര്‍ഷകര്‍ കത്ത് നല്‍കിയിരിക്കുകയാണ്. എത്ര തന്നെ സമ്മര്‍ദ്ദമുണ്ടായാലും കര്‍ഷക നിയമങ്ങള്‍ പാസാക്കണമെന്നാണ് അവര്‍ എന്നോട് പറഞ്ഞത്’, തോമര്‍ പറഞ്ഞു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി രാഹുല്‍ നടത്തിയ കൂടിക്കാഴ്ചയെപ്പറ്റി ചോദിച്ചപ്പോഴായിരുന്നു രാഹുലിനെതിരെ തോമര്‍ രൂക്ഷവിമര്‍ശനം നടത്തിയത്.

അതേസമയം രാഷ്ട്രപതി ഭവനിലേക്ക് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന കോണ്‍ഗ്രസ് മാര്‍ച്ച് കഴിഞ്ഞ ദിവസം പൊലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെ പൊലീസ് കസറ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിച്ച ഗാന്ധി കാര്‍ഷിക നിയമങ്ങള്‍ ദശലക്ഷക്കണക്കിന് കര്‍ഷകരുടെ ഉപജീവനമാര്‍ഗ്ഗം ഇല്ലാതാക്കുമെന്നും ഇത്തരമൊരു നിയമം ഉണ്ടാക്കിയിരിക്കുന്നത് നാലോ അഞ്ചോ ബിസിനസുകാര്‍ക്ക് വേണ്ടിയാണെന്നും പറഞ്ഞു.

‘പ്രധാനമന്ത്രി ഒരു കഴിവില്ലാത്ത മനുഷ്യനാണ്, ഒന്നും അറിയാത്ത ആളാണ്. അക്കാര്യം ഈ രാജ്യത്തെ യുവാക്കളും ജനങ്ങളും അറിഞ്ഞിരിക്കണം. മുതലാളിമാരെ മാത്രം ശ്രദ്ധിക്കുന്ന, അവര്‍ പറയുന്നത് മാത്രം കേള്‍ക്കുന്ന, അവര്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ഒരു പ്രധാനമന്ത്രിയാണ് അദ്ദേഹം’, രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Smrity Irani Slams Rahul Gandhi On Farm laws