സത്യപാല്‍ പറഞ്ഞത് നേരത്തെ ദിഗ്‌വിജയ് സിങ് പറഞ്ഞു; അന്ന് കോണ്‍ഗ്രസ് തിരുത്തി; ഇപ്പോള്‍ രാഹുലിന്റെ ട്വീറ്റ്
national news
സത്യപാല്‍ പറഞ്ഞത് നേരത്തെ ദിഗ്‌വിജയ് സിങ് പറഞ്ഞു; അന്ന് കോണ്‍ഗ്രസ് തിരുത്തി; ഇപ്പോള്‍ രാഹുലിന്റെ ട്വീറ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th April 2023, 3:03 pm

ന്യൂദല്‍ഹി: പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലുകളുള്‍പ്പെടുന്ന ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ അഭിമുഖം ട്വിറ്ററില്‍ പങ്കുവെച്ച് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഴിമതിയോട് അത്രകണ്ട് വിമുഖതയില്ല എന്ന കുറിപ്പോടെയാണ് ദി വയറില്‍ സത്യപാല്‍ മാലിക്കുമായി കരണ്‍ ഥാപ്പര്‍ നടത്തിയ അഭിമുഖത്തിന്റെ സ്‌ക്രീന്‍ ഷോട്ട് രാഹുല്‍ ഗാന്ധി പങ്കുവെച്ചിരിക്കുന്നത്.

നേരത്തെ പുല്‍വാമ ആക്രമണം മോദി സര്‍ക്കാരിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് രംഗത്ത് വന്നിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിലെ വീഴ്ചയെക്കുറിച്ചും അതിനെ തുടര്‍ന്ന് നടന്ന ബാലാക്കോട്ട് സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ കുറിച്ചുമെല്ലാം ദിഗ്‌വിജയ് സിങ് സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ എത്തിയ സമയത്ത് ഇതിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം സിങ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇത് ദിഗ്‌വിജയ് സിങ്ങിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും പാര്‍ട്ടിയുടേതല്ലെന്നും വ്യക്തമാക്കി ജയറാം രമേശ് രംഗത്തെത്തിയത് ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. 2014ന് മുമ്പ് യു.പി.എ ഗവണ്‍മെന്റിന്റെ കാലത്തും സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടന്നിട്ടുണ്ടെന്നും രാജ്യതാത്പര്യത്തെ മുന്‍ നിര്‍ത്തിയുള്ള എല്ലാ നീക്കങ്ങള്‍ക്കും തങ്ങളുടെ പിന്തുണയുണ്ടാകുമെന്നുമായിരുന്നു അന്ന് രമേശ് പറഞ്ഞത്.

പുല്‍വാമ ഭീകരാക്രമണത്തില്‍ സര്‍ക്കാരിന്റെ വീഴ്ച മറച്ച് വെക്കാന്‍ പ്രധാനമന്ത്രി തന്നോട് ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തലുമായി കഴിഞ്ഞ ദിവസമാണ് ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണറായിരുന്ന സത്യപാല്‍ മാലിക് രംഗത്തെത്തിയത്. 300 കിലോ ആര്‍.ഡി.എക്സുമായി ഭീകരവാദി 15 ദിവസത്തോളം കശ്മീരില്‍ ചുറ്റിക്കറങ്ങിയിട്ടും ഒരു ഇന്റലിജന്‍സ് വിഭാഗത്തിനും അത് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നത് ദുരൂഹതയുണര്‍ത്തുന്നതാണെന്നും സി.ആര്‍.പി.എഫ് ട്രക്കിന് നേരെയുണ്ടായ ആക്രമണത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചയാണെന്നുമായിരുന്നു മാലിക് പറഞ്ഞത്.

ആഭ്യന്തര സുരക്ഷ ഉപദേഷ്ടാവായിരുന്ന അജിത് ഡോവല്‍ വിഷയത്തില്‍ മൗനം പാലിക്കാന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നതായും കുറ്റം പാകിസ്ഥാന്റെ മേല്‍ കെട്ടിവെച്ച് ജവാന്‍മാരുടെ മരണം വോട്ടാക്കി മാറ്റാനാണ് മോദി സര്‍ക്കാര്‍ തീരുമാനിച്ചതെന്നും സത്യപാല്‍ മാലിക് പറഞ്ഞിരുന്നു.

രാഹുല്‍ ഗാന്ധിക്ക് പുറമേ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

‘രാജ്യത്തെ സൈനികര്‍ തങ്ങളുടെ സുരക്ഷിതമായ യാത്രക്കായി അവരോട് വിമാനങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ മോദി ഗവണ്‍മെന്റ് അത് നിരസിച്ചു. അവര്‍ ബസില്‍ യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരായി. ആ ബസിന് നേരെ ഭീകരാക്രമണം നടന്നു. നമ്മുടെ 40 സൈനികരാണ് ആക്രമണത്തില്‍ രക്തസാക്ഷികളായത്. ഇതിനെക്കുറിച്ച് സംസാരിച്ച ഗവര്‍ണര്‍ സത്യപാല്‍ മാലികിനോട് നമ്മുടെ പ്രധാനമന്ത്രി പറഞ്ഞതെന്താണെന്നറിയാമോ? നിശബ്ദനായിരിക്കാനാണ്. അവരുടെ കുറ്റം കൊണ്ടാണ് നമ്മുടെ ജവാന്മാര്‍ രക്തസാക്ഷികളായത്. പ്രധാനമന്ത്രി തന്റെ ഇമേജ് സംരക്ഷിക്കുന്ന തിരക്കിലായിരുന്നു,’ കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചു.

Content Highlights: Rahul gandhi shares sathyapal malik’s interview in twitter