ന്യൂദല്‍ഹി: റഷ്യ ഉക്രൈനോട് സ്വീകരിച്ച അതേ നയമാണ് ചൈന ഇന്ത്യക്കെതിരെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ അതിര്‍ത്തികളില്‍ മാറ്റം വരുത്താനാണ് ചൈനയുടെ ശ്രമമെന്നും രാഹുല്‍ പറഞ്ഞു.
ഇന്ത്യയുടെ ദുര്‍ബലമായ സാമ്പത്തികരംഗവും കൃത്യമായ വീക്ഷണങ്ങളില്ലാത്ത സര്‍ക്കാരും രാജ്യത്ത് വിദ്വേഷവും പകയും നിറയുന്നതും ചൈനക്ക് ഇന്ത്യയില്‍ കടന്നുകയറാന്‍ അവസരം നല്‍കുന്നതായും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കമല്‍ ഹാസനുമായി നടത്തിയ സംഭാഷണത്തിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ഉക്രൈന് പാശ്ചാത്യ രാജ്യങ്ങളുമായി ശക്തമായ ബന്ധം പാടില്ലെന്നായിരുന്നു റഷ്യയുടെ നിലപാട്. അതിനുവേണ്ടി എന്തായിരുന്നു അവര്‍ ഉക്രൈനോട് ചെയ്തതെന്ന് നമുക്ക് നോക്കാം. നിങ്ങള്‍ പാശ്ചാത്യരാജ്യങ്ങളുമായി നല്ല ബന്ധമുണ്ടാക്കാന്‍ പോയാല്‍ ഞങ്ങള്‍ നിങ്ങളുടെ ജോഗ്രഫി അങ്ങ് മാറ്റിക്കളയുമെന്നാണ് റഷ്യ ഉക്രൈനോട് പറഞ്ഞത്.
അതുതന്നെയാണ് ഇന്ത്യക്ക് നേരെയും ഇപ്പോള്‍ പ്രയോഗിക്കപ്പെടുന്നത്. ‘നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളൊക്കെ ഒന്ന് സൂക്ഷിച്ചേക്ക്, അല്ലേല്‍ ഞങ്ങള്‍ നിങ്ങളുടെ അതിര്‍ത്തികളില്‍ മാറ്റം വരുത്തും. വേണ്ടിവന്നാല്‍ ഞങ്ങള്‍ ലഡാക്കിലും കയറും, അരുണാചല്‍പ്രദേശിലും കയറും’ എന്നാണ് ചൈനക്കാര്‍ നമ്മളോട് പറയുന്നത്. അങ്ങനെ കടന്നുകയറാന്‍ വേണ്ടിയുള്ള നല്ലൊരു പ്ലാറ്റ്‌ഫോമാണ് അവര്‍ അവിടെ കെട്ടിപ്പൊക്കുന്നതെന്നാണ് ഞാന്‍ കരുതുന്നത്.
രാജ്യത്തിനുള്ളിലെ ദുര്‍ബലമായ സാമ്പത്തികരംഗവും മറ്റ് പ്രശ്‌നങ്ങളുമായും ഇതിന് ബന്ധമുണ്ട്. നമ്മള്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍കൊണ്ട് പൊറുതിമുട്ടുകയാണെന്നും അതുകൊണ്ട് തന്നെ അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാനുള്ള അവസരമാണിതെന്നും അവര്‍ ചിന്തിക്കും,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
രാജ്യത്തിനകത്തും ജനങ്ങള്‍ തമ്മില്‍ ഐക്യമുണ്ടാകണമെന്നും പരസ്പരം പോരടിക്കുകയല്ല ഇപ്പോള്‍ വേണ്ടതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. യുദ്ധം ചെയ്യുക എന്നതല്ല, പക്ഷെ ആക്രമിക്കപ്പെടാതിരിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുദ്ധത്തിന് വേണ്ടി മുറവിളി കൂട്ടുകയല്ല താനെന്നും, അതിര്‍ത്തിയില്‍ നടക്കുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളെ കുറിച്ച് എല്ലാവര്‍ക്കും ബോധ്യമുണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Content Highlight: Rahul Gandhi says what Russia does to Ukraine is what china is doing to India