ബെംഗളൂരു: പ്രതിപക്ഷ മുന്നണി നടത്തുന്നത് ഇന്ത്യയുടെ ശബ്ദത്തിനായുള്ള പോരാട്ടമാണെന്നും അതിനാലാണ് ‘ഇന്ത്യ’ പേര് തെരഞ്ഞെടുത്തതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യ എന്ന ആശയം ആക്രമിക്കപ്പെടുകയാണെന്നും ദശലക്ഷക്കണക്കിന് ഇന്ത്യക്കാരില്‍ നിന്ന് ഇന്ത്യയുടെ ശബ്ദം തട്ടിയെടുക്കപ്പെടുന്നുണ്ടെന്നും രാഹുല്‍ വിമര്‍ശിച്ചു.
ഇനിയുള്ള പോരാട്ടം എന്‍.ഡി.എയും ഇന്ത്യയും തമ്മിലും, നരേന്ദ്ര മോദിയും ഇന്ത്യയും തമ്മിലും, അവരുടെ പ്രത്യയശാസ്ത്രവും ഇന്ത്യയും തമ്മിലുമാണെന്ന് രാഹുല്‍ പറഞ്ഞു.
‘ഇത് ഇന്ത്യയുടെ ശബ്ദത്തിനായുള്ള പോരാട്ടമാണ്. അതിനാലാണ് ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് (ഇന്ത്യ) എന്ന പേര് മുന്നണിക്ക് വേണ്ടി തെരഞ്ഞെടുത്തത്.
ഈ യോഗത്തിനായി ഇവിടെ എത്തിയതില്‍ എനിക്ക് അഭിമാനമുണ്ട്. ഇന്ത്യ എന്ന ആശയം ആക്രമിക്കപ്പെടുകയാണ്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരില്‍ നിന്ന് ഇന്ത്യയുടെ ശബ്ദം തട്ടിയെടുക്കപ്പെടുന്നു.
ഈ പോരാട്ടം എന്‍.ഡി.എയും ഇന്ത്യയും തമ്മിലും, നരേന്ദ്ര മോദിയും ഇന്ത്യയും തമ്മിലും, അവരുടെ പ്രത്യയശാസ്ത്രവും ഇന്ത്യയും തമ്മിലുമാണ്. ഞങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയെയും നമ്മുടെ ജനങ്ങളുടെ ശബ്ദത്തെയും ഈ മഹത്തായ രാജ്യത്തിന്റെ ആശയത്തെയും ഇന്ത്യ എന്ന ആശയത്തെയും സംരക്ഷിക്കുകയാണ്.
ഇന്ത്യ എന്ന ആശയം ആരെങ്കിലും ഏറ്റെടുക്കുമ്പോള്‍ ആരാണ് വിജയിക്കുകയെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം,’ രാഹുല്‍ പറഞ്ഞു. ബെംഗളൂരുവിലെ പ്രതിപക്ഷ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലൈന്‍സ്’ (ഇന്ത്യ)യുടെ അടുത്ത യോഗം മുംബൈയില്‍ വെച്ച് നടക്കും. ഇന്ന് ബെംഗളൂരുവില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ണായക തീരുമാനമെടുത്തത്.
മുന്നണിയുടെ തെരഞ്ഞെടുപ്പ് ക്യാമ്പെയ്ന്‍ മാനേജ്‌മെന്റിനായി ദല്‍ഹിയില്‍ ഒരു സെക്രട്ടറിയേറ്റ് ആരംഭിക്കാനും ഇന്ന് തീരുമാനമായി. 11 അംഗ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുമെന്നും അവരുടെ പേരുകള്‍ അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചു.