| Tuesday, 10th September 2024, 10:03 am

ഇന്ത്യ നീതിയുക്തമാകുമ്പോള്‍ സംവരണം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കാം: രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഇന്ത്യ നീതിയുക്തമായ സ്ഥലമാകുമ്പോള്‍ സംവരണം ഒഴിവാക്കുന്നതിനെ കുറിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി ചിന്തിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. എന്നാല്‍ നിലവിലെ സാഹചര്യം അങ്ങനെയല്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

അമേരിക്കയിലെ ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കവെയാണ് രാഹുല്‍ ഗാന്ധി സംവരണ വിഷയത്തില്‍ തന്റെയും പാര്‍ട്ടിയുടെയും നിലപാട് വ്യക്തമാക്കിയത്.

‘ഇന്ത്യ നീതിയുക്തമായ ഒരു സ്ഥലമായി മാറുമ്പോള്‍ സംവരങ്ങള്‍ ഒഴിവാക്കുന്നതിനെ കുറിച്ച് ഞങ്ങള്‍ ചിന്തിക്കും. എന്നാല്‍ നിലവിലെ സാഹചര്യം അങ്ങനെയുള്ളതല്ല.

നിലവിലെ സാമ്പത്തിക സ്ഥിതിയെടുക്കുമ്പോള്‍ ആദിവാസി വിഭാഗത്തിന് 100 രൂപയില്‍ വെറും പത്ത് പൈസ മാത്രമാണ് ലഭിക്കുന്നത്. ദളിത് വിഭാഗത്തിനാകട്ടെ നൂറ് രൂപയില്‍ അഞ്ച് രൂപയാണ്, ഒ.ബി.സി വിഭാഗത്തിനും അഞ്ച് രൂപ തന്നെ. അവര്‍ക്ക് അര്‍ഹമായ പങ്കാളിത്തം ലഭിക്കുന്നില്ല എന്നതാണ് യഥാര്‍ത്ഥ വസ്തുത.

ഇന്ത്യയിലെ 90 ശതമാനത്തോളം വരുന്ന ജനങ്ങള്‍ക്കും ഇതിന്റെ ഭാഗമാകാന്‍ സാധിക്കുന്നില്ല. ഇന്ത്യയിലെ ഓരോ ബിസിനസുകാരുടെ പേരുകളിലൂടെയും ഒന്ന് കണ്ണോടിക്കൂ, ഞാന്‍ ആ പട്ടിക പരിശോധിച്ചിട്ടുണ്ട്. അതില്‍ ആദിവാസി വിഭാഗത്തില്‍ പെട്ട ഒരാളുടെ പേര് നിങ്ങളെനിക്ക് കാണിച്ചു തരൂ. ദളിത് വിഭാഗത്തില്‍ പെട്ട ഒരാളുടെ പേര് കാണിച്ചുതരൂ. ഒ.ബി.സി വിഭാഗത്തിലുള്ള ഒരാളെ നിങ്ങളെനിക്ക് കാണിച്ചുതരൂ. ആദ്യ 200ല്‍ ഒരാള്‍ ഒ.ബി.സിയാണെന്നാണ് എനിക്ക് തോന്നുന്നത്. ഇന്ത്യയുടെ 50 ശതമാനത്തോളം വരുന്ന ജനസംഖ്യ ഒ.ബി.സിയാണ്.

നമ്മളിപ്പോഴും രോഗലക്ഷണത്തെ ചികിത്സിക്കുന്നില്ല. ഇതാണ് പ്രധാന പ്രശ്‌നം. ഈ സാഹചര്യത്തില്‍ സംവരണം മാത്രമല്ല ഇതിനുള്ള ഏക പോംവഴി. ഇതിനായി മറ്റ് വഴികളും നിലവിലുണ്ട്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

യൂണിഫോം സിവില്‍ കോഡിനെ കുറിച്ചുള്ള ചോദ്യത്തിന് വിഷയത്തില്‍ ബി.ജെ.പിയുടെ നയവും നിര്‍ദേശവും അറിഞ്ഞതിന് ശേഷം മാത്രമേ പ്രതികരിക്കൂ എന്നാണ് രാഹുല്‍ മറുപടി നല്‍കിയത്.

‘ബി.ജെ.പി ഒരു യൂണിഫോം സിവില്‍ കോഡ് മുമ്പോട്ട് വെക്കുന്നുണ്ട്. ഞങ്ങളിതുവരെ അത് കണ്ടിട്ടില്ല. അവര്‍ എന്തിനെ കുറിച്ചാണ് സംസാരിക്കുന്നത് എന്നതിനെ കുറിച്ച് ഞങ്ങള്‍ക്കൊന്നും തന്നെ അറിയില്ല. ഇങ്ങനെയുള്ള ഒന്നിനെ കുറിച്ച് ഒരു അഭിപ്രായം പറയുന്നതില്‍ ഒരു കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അവരത് പുറത്തുകൊണ്ടുവരുമ്പോള്‍ അതെന്താണെന്ന് പരിശോധിച്ച ശേഷം മറുപടി നല്‍കാം,’ രാഹുല്‍ പറഞ്ഞു.

ഇന്ത്യ മുന്നണിയെ കുറിച്ചും രാഹുല്‍ കുട്ടികളോട് സംസാരിച്ചു.

‘ഇന്ത്യയുടെ ഭരണഘടന സംരക്ഷിക്കപ്പെടണം എന്നതില്‍ ഞങ്ങള്‍ ഉറച്ചുനിന്നു. ജാതി സെന്‍സസ് വിഷയത്തില്‍ ഭൂരിഭാഗം പാര്‍ട്ടികളും യോജിച്ചിരുന്നു. അംബാനി, അദാനി എന്ന് പേരുള്ള രണ്ട് പേര്‍ ചേര്‍ന്ന് ഇന്ത്യയിലെ എല്ലാ ബിസിനസും നിയന്ത്രിക്കരുതെന്ന വിഷയത്തിലും ഞങ്ങള്‍ക്ക് യോജിപ്പുണ്ടായിരുന്നു. ഞങ്ങള്‍ക്കിടയില്‍ യോജിപ്പില്ല എന്ന് നിങ്ങള്‍ പറയുകയാണെങ്കില്‍ അത് തെറ്റായ കാര്യമാണ്.

വിവിധ പാര്‍ട്ടികള്‍ ചേര്‍ന്നുള്ള ഒരു മുന്നണിസംവിധാനത്തില്‍ ചില കൊടുക്കല്‍ വാങ്ങലുകള്‍ സംഭവിക്കുക എന്നത് തീര്‍ത്തും സ്വാഭാവികമായ കാര്യമാണ്. അതില്‍ തെറ്റൊന്നുമില്ല. ഇത്തരം മുന്നണി സംവിധാനങ്ങളുടെ ഭാഗമായി ഞങ്ങള്‍ പലപ്പോഴായി വിജയകരമായി സര്‍ക്കാര്‍ രൂപീകരിക്കുകയും ഭരിക്കുകയും ചെയ്തിട്ടുണ്ട്. ഞങ്ങള്‍ക്കത് വീണ്ടും ചെയ്യാന്‍ സാധിക്കും എന്നതില്‍ ആത്മവിശ്വാസമുണ്ട്,’ രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Content Highlight: Rahul Gandhi says  they will think of scrapping reservation when India is fair place

We use cookies to give you the best possible experience. Learn more