ബെംഗളൂരു: ഭാരത് ജോഡോ യാത്ര കര്‍ണാടകയിലൂടെ കടന്നുപോകുന്നതിനിടെ ആര്‍.എസ്.എസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബി.ജെ.പിക്കും ആര്‍.എസ്.എസിനും സ്വാതന്ത്ര്യസമരത്തില്‍ യാതൊരു പങ്കുമില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തുംകൂറിലെ റാലിയോടനുബന്ധിച്ചുള്ള സമ്മേളനത്തില്‍ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
സത്യങ്ങള്‍ ബി.ജെ.പിക്ക് മൂടിവെക്കാനാവില്ല. കോണ്‍ഗ്രസും അതിന്റെ നേതാക്കളുമാണ് സ്വാതന്ത്ര്യത്തിനായി പോരാടിയത്. ആര്‍.എസ്.എസും സവര്‍ക്കറും ബ്രിട്ടീഷുകാരെ സഹായിക്കുകയാണ് ചെയ്തത്. സവര്‍ക്കര്‍ ബ്രിട്ടീഷുകാരില്‍ നിന്ന് സ്‌റ്റൈപന്റ് വാങ്ങിയ ആളാണ്. സ്വതന്ത്ര്യസമര കാലത്ത് എവിടെയും ബി.ജെ.പിയുടെ മുന്‍ഗാമികള്‍ ഉണ്ടായിരുന്നേയില്ലെന്നും രാഹുല്‍ പറഞ്ഞു.
ദേശവിരുദ്ധ നടപടിയിലൂടെ രാജ്യത്ത് വിദ്വേഷവും അക്രമവും വളര്‍ത്തുകയാണ് ബി.ജെ.പി. അവരുടെ ഭരണത്തിന് കീഴില്‍ തൊഴിലില്ലായ്മയും വിലക്കയറ്റവും മൂലം ജനങ്ങള്‍ മടുത്തുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
വരാന്‍ പോകുന്ന കര്‍ണാടക തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അനായാസം വിജയിക്കുമെന്നും സംവാദങ്ങളെ വിലമതിക്കുകയും എതിര്‍ കാഴ്ചപ്പാടുകളെ സ്വാഗതം ചെയ്യുകയും ചെയ്യുന്ന പാര്‍ട്ടിയാണ് തങ്ങളെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
കന്നഡ പോലുള്ള പ്രാദേശിക ഭാഷകളുടെ സ്വത്വത്തെ അംഗീകരിക്കാതെ ഹിന്ദിയെ മാത്രം ‘ദേശീയ ഭാഷ’ ആക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
എല്ലാവര്‍ക്കും അവരവരുടെ മാതൃഭാഷ പ്രധാനമാണെന്നും ഭരണഘടനപ്രകാരം തന്നെ എല്ലാവര്‍ക്കും അതിനുള്ള അവകാശമുണ്ടെന്നും, കോണ്‍ഗ്രസ് എല്ലാ ഭാഷകളെയും ബഹുമാനിക്കുന്നുവെന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നത്.
ജോഡോ യാത്രക്കിടെ വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളുമായും അധ്യാപകരുമായും നടത്തിയ സംവാദത്തിനിടെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്.
CONTENT HIGHLIGHT: Rahul Gandhi says there are no predecessors of the BJP anywhere in the freedom struggle; Savarkar received stipend from British