അമരാവതി: കോണ്‍ഗ്രസ് പാര്‍ട്ടിയിലെ തന്റെ റോള്‍ എന്താണെന്ന് പുതിയ അധ്യക്ഷന്‍ തീരുമാനിക്കുമെന്ന് രാഹുല്‍ ഗാന്ധി. എ.ഐ.സി.സി അധ്യക്ഷനായി മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ തെരഞ്ഞെടുത്തതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘പാര്‍ട്ടിയിലെ എന്റെ റോള്‍ എന്താണെന്ന് പുതിയ അധ്യക്ഷന്‍ തീരുമാനിക്കും. അധ്യക്ഷനാണ് പരമാധികാരം. നിങ്ങള്‍ ഖാര്‍ഗെ ജിയോടും സോണിയ ജിയോടും ചോദിക്കൂ,’ എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ഭാരത് ജോഡോ യാത്ര ആന്ധ്രാപ്രദേശിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുമ്പോഴാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
കോണ്‍ഗ്രസിന് തുറന്നതും സുതാര്യവുമായ ഒരു തെരഞ്ഞെടുപ്പ് നടത്താന്‍ കഴിഞ്ഞുവെന്നതില്‍ എനിക്ക് അഭിമാനമുണ്ട്. എല്ലാവരും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ കുറിച്ചാണ് ചോദിക്കുന്നത്. എന്തുകൊണ്ടാണ് മറ്റുപാര്‍ട്ടികളില്‍, ബി.ജെ.പിയിലും മറ്റ് പ്രാദേശിക കക്ഷികളിലും, സംഘടനാ തെരഞ്ഞെടുപ്പ് നടക്കാത്തതെന്ന് നിങ്ങള്‍ ചോദിക്കുന്നുണ്ടോയെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.
അതേസമയം, ശശി തരൂരിനെതിരെ 7897 വോട്ടുകള്‍ നേടിയാണ് ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ള ഖാര്‍ഗെ എ.ഐ.സി.സി പ്രസിഡന്റായി വിജയിച്ചത്. തരൂരിന് 1072 വോട്ടുകള്‍ ലഭിച്ചു. 416 വോട്ടുകള്‍ അസാധുവായി.
എ.ഐ.സി.സി ആസ്ഥാനത്തിന് മുമ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വന്‍ ആഘോഷമാണ് നടക്കുന്നത്. വോട്ടെടുപ്പ് തുടങ്ങിയത് മുതല്‍ ഖാര്‍ഗെ ക്യാമ്പ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു.
ഖാര്‍ഗെയുടെ കര്‍ണാടകയിലെ വീട്ടിലേക്ക് രാവിലെ മുതല്‍ തന്നെ പ്രവര്‍ത്തകര്‍ എത്തി തുടങ്ങിയിരുന്നു. കോണ്‍ഗ്രസ് നേതാവ് ഗൗരവ് വല്ലഭ് വീട്ടില്‍ എത്തുകയും ആഘോഷങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.
24 വര്‍ഷത്തിന് ശേഷമാണ് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ അധ്യക്ഷ പദവിയിലെത്തുന്നത്. നിലവില്‍ കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ എം.പിയാണ് ഖാര്‍ഗെ.
22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസില്‍ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിന്റെ 137 വര്‍ഷത്തെ ചരിത്രത്തില്‍ ഇത് ആറാം തവണയാണ് അധ്യക്ഷ പദത്തിലേക്ക് മത്സരം നടക്കുന്നത്.
CONTENT HIGHLIGHT: Rahul Gandhi says the new president Mallikarjun Kharge will decide what his role will be in the Congress party