അമരാവതി: കോണ്‍ഗ്രസ് പാര്‍ട്ടിയിലെ തന്റെ റോള്‍ എന്താണെന്ന് പുതിയ അധ്യക്ഷന്‍ തീരുമാനിക്കുമെന്ന് രാഹുല്‍ ഗാന്ധി. എ.ഐ.സി.സി അധ്യക്ഷനായി മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ തെരഞ്ഞെടുത്തതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘പാര്‍ട്ടിയിലെ എന്റെ റോള്‍ എന്താണെന്ന് പുതിയ അധ്യക്ഷന്‍ തീരുമാനിക്കും. അധ്യക്ഷനാണ് പരമാധികാരം. നിങ്ങള്‍ ഖാര്‍ഗെ ജിയോടും സോണിയ ജിയോടും ചോദിക്കൂ,’ എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ഭാരത് ജോഡോ യാത്ര ആന്ധ്രാപ്രദേശിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുമ്പോഴാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
കോണ്‍ഗ്രസിന് തുറന്നതും സുതാര്യവുമായ ഒരു തെരഞ്ഞെടുപ്പ് നടത്താന്‍ കഴിഞ്ഞുവെന്നതില്‍ എനിക്ക് അഭിമാനമുണ്ട്. എല്ലാവരും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ കുറിച്ചാണ് ചോദിക്കുന്നത്. എന്തുകൊണ്ടാണ് മറ്റുപാര്‍ട്ടികളില്‍, ബി.ജെ.പിയിലും മറ്റ് പ്രാദേശിക കക്ഷികളിലും, സംഘടനാ തെരഞ്ഞെടുപ്പ് നടക്കാത്തതെന്ന് നിങ്ങള്‍ ചോദിക്കുന്നുണ്ടോയെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.
അതേസമയം, ശശി തരൂരിനെതിരെ 7897 വോട്ടുകള്‍ നേടിയാണ് ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ള ഖാര്‍ഗെ എ.ഐ.സി.സി പ്രസിഡന്റായി വിജയിച്ചത്. തരൂരിന് 1072 വോട്ടുകള്‍ ലഭിച്ചു. 416 വോട്ടുകള്‍ അസാധുവായി.