| Thursday, 4th August 2022, 2:45 pm

മോദിയോട് ഭയമില്ല, അവര്‍ ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യട്ടെ: രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് പ്രധാനമന്ത്രി നടത്തുന്നതെന്ന് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. എതിര്‍ ശബ്ദങ്ങളെ സമ്മര്‍ദ്ദം ചെലുത്തി ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ഭരണകക്ഷിയെന്നും അദ്ദേഹം പറഞ്ഞു.

നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് മൂന്ന് ദിവസമായിരുന്നു രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തത്. മൂന്ന് ദിവസങ്ങളിലായി 50മണിക്കൂര്‍ ആയിരുന്നു അദ്ദേഹത്തിന്റെ ചോദ്യം ചെയ്യല്‍. ഇതിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു.

‘നിങ്ങള്‍ നാഷണല്‍ ഹെറാള്‍ഡിനെ കുറിച്ചാണ് സംസാരിക്കുന്നതെങ്കില്‍ അത് പൂര്‍ണമായും വിരട്ടലാണ്. മോദിയുടേയും അമിത്ഷായുടെയും വിചാരം ചെറിയ പ്രഷര്‍ തരുമ്പോഴേക്കും ഞങ്ങള്‍ മിണ്ടാതിരിക്കുമെന്നാണ്. പക്ഷേ ഞങ്ങള്‍ അത് ചെയ്യില്ല. ജനാധിപത്യത്തെനെതിരെ എന്തൊക്കെയാണോ മോദിയും അമിത്ഷായും ചെയ്യുന്നത്, അതിനെതിരെ ഞങ്ങള്‍ ശബ്ദിച്ചിരിക്കും,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

ഓടി രക്ഷപ്പെടുക എന്ന കാര്യത്തെ കുറിച്ച് സംസാരിക്കുന്നത് ബി.ജെ.പിയാണെന്നും കോണ്‍ഗ്രസിനെ ഭയപ്പെടുത്താന്‍ സാധിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മോദിയെ ഭയമില്ലെന്നും അവര്‍ക്ക് ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യട്ടേയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം നാഷണല്‍ ഹെറാള്‍ഡിന്റെ ഓഫീസ് ഇ.ഡി സീല്‍ ചെയ്തിരുന്നു. ഓഫീസില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു ഓഫീസ് സീല്‍ ചെയ്തത്.

പാര്‍ലമെന്റില്‍ മോദി സര്‍ക്കാര്‍ സ്വീകരിക്കുന്ന നിഷേധാത്മക നയത്തിനെതിരെ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ലോക്സഭ, രാജ്യസഭ എം.പിമാരുടെ പാര്‍ലമെന്ററി പാര്‍ട്ടിയോഗം കോണ്‍ഗ്രസ് ചേര്‍ന്നിരുന്നു. ഇ.ഡി അടക്കമുള്ള കേന്ദ്ര ഏജന്‍സികളെ ദുരുപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികളെ മോദി സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് ആരോപിച്ച് പാര്‍ലമെന്റിന്റെ ഇരുസഭയിലും കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നു.

കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി അടക്കമുള്ള നേതാക്കള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു. രാവിലെ പാര്‍ലമെന്റ് സമ്മേളിച്ചപ്പോള്‍ത്തന്നെ ലോക്‌സഭയില്‍ അധിര്‍ രഞ്ജന്‍ ചൗധരിയും രാജ്യസഭയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇ.ഡിയുടെ ദുരുപയോഗ വിഷയം ഉയര്‍ത്തി. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് രാജ്യത്തെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും നേതാക്കളെയും മോദി സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുകയാണെന്ന് ചൗധരിയും ഖാര്‍ഗെയും പറഞ്ഞു.

Content Highlight: Rahul gandhi says that he is not afraid of narendra modi, and said that bjp is trying to intimidate

We use cookies to give you the best possible experience. Learn more