|

'ചില ഇന്ത്യക്കാര്‍ ദളിതരെയും മുസ്‌ലിങ്ങളെയും മനുഷ്യരായി പോലും കണ്ടിട്ടില്ല'; രാഹുല്‍ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:ഹാത്രാസ് പശ്ചാത്തലത്തില്‍ രാജ്യത്ത് ദളിതര്‍ക്കെതിരെയും മുസ്‌ലിങ്ങള്‍ക്കെതിരെയും നടക്കുന്ന പീഡനത്തില്‍ ശക്തമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് പല ഇന്ത്യക്കാരും ദളിതരെയും മുസ്‌ലിങ്ങളെയും ആദിവാസികളെയും മനുഷ്യരായി പോലും കാണുന്നില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

മുഖ്യമന്ത്രിയ യോഗി ആദിത്യനാഥും യു.പി പൊലീസും ആരും പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്നു പറയുന്നതിനര്‍ത്ഥം അവര്‍ക്കും മറ്റുപല ഇന്ത്യക്കാര്‍ക്കും അവള്‍ ആരുമല്ല എന്നത് തന്നെയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഹാത്രാസ് വിഷയത്തില്‍ അന്താരാഷ്ട്ര മാധ്യമമായ ബി.ബി.സിയുടെ റിപ്പോര്‍ട്ട് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു രാഹുലിന്റെ പ്രതികരണം.

” ഹാത്രാസ് കേസ്: എന്തുകൊണ്ടാണ് സ്ത്രീകള്‍ തുടരെ പീഡിപ്പിക്കപ്പെടുന്നത്. എന്തുകൊണ്ടാണ് പൊലീസ് ഇതെല്ലാം നിഷേധിക്കുന്നത്” എന്ന തലകെട്ടിലുള്ള റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ ജാതിവ്യവസ്ഥ ഉള്‍പ്പെടെ പ്രതിപാദിക്കുന്നുണ്ട്.

ഹാത്രാസ് സംഭവത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ ഏറെ ചര്‍ച്ചയായിരുന്നു. കുടുംബത്തെ സംരക്ഷിക്കേണ്ട സര്‍ക്കാര്‍ അവരോട് ഒരന്യായത്തിന് പുറമെ മറ്റൊരു അന്യായം, അതിനു മുകളില്‍ അടുത്തൊരന്യായം എന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു.

ഹാത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ സര്‍ക്കാര്‍ ചൂഷണം ചെയ്യുകയും അടിച്ചമര്‍ത്തുകയുമാണ്. യു.പിയിലേത് ജംഗിള്‍രാജ് ആണെന്നും പെണ്‍കുട്ടികളെ സംരക്ഷിക്കുക എന്നതല്ല, സത്യം മറച്ചുവെച്ച് അധികാരം നിലനിര്‍ത്തുക എന്നതാണ് ബി.ജെ.പിയുടെ മുദ്രാവാക്യമെന്നും രാഹുല്‍ പറഞ്ഞിരുന്നു.

ഹാത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും പൊലീസ് തടയുകയും ഇരുവര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.

ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.

കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. പെണ്‍കുട്ടിയുടെ നാവ് മുറിച്ച നിലയിലായിരുന്നു. സംഭവത്തില്‍ വലിയ രീയിയില്‍ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്ന പശ്ചാത്തലത്തില്‍ കേസ് സി.ബി.ഐക്ക് കൈമാറുമെന്ന് യു.പി സര്‍ക്കാര്‍ അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rahul Gandhi says some Indians doesn’t consider dalit and muslims as human

Latest Stories