| Sunday, 3rd September 2023, 2:44 pm

'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' ഇന്ത്യന്‍ യൂണിയന്‍ എന്ന ആശയത്തെ അട്ടിമറിക്കും: രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ആശയം ഇന്ത്യന്‍ യൂണിയന്‍ എന്ന ആശയത്തെ തകര്‍ക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന പരിഷ്‌കരണം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും മേലുള്ള ആക്രമണമാണെന്നും എക്‌സിലൂടെ പങ്കുവെച്ച പ്രതികരണത്തില്‍ രാഹുല്‍ പറഞ്ഞു.

‘ഇന്ത്യ, നമ്മുടെ ഭാരതം, സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ്. ‘ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം യൂണിയന്റെയും അതിന്റെ എല്ലാ സംസ്ഥാനങ്ങളുടെയും മേലുള്ള ആക്രമണമാണ്,’ രാഹുല്‍ എക്‌സില്‍ കുറിച്ചു.

വിഷയത്തില്‍ വലിയ പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. പരിഷ്‌കരണത്തെക്കുറിച്ച് പഠിക്കാന്‍ എട്ടംഗ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിലുള്ള സമിതിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ സമിതിയിലേക്കില്ലെന്ന് അധീര്‍ രഞ്ജന്‍ ചൗധരി അറിയിച്ചു.

ഗുലാം നബി ആസാദ്, എന്‍.കെ. സിങ്, സുഭാഷ് കശ്യപ്, ഹരീഷ് സാല്‍വെ, സഞ്ജയ് കോത്താരി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ പ്രത്യേക ക്ഷണിതാവായി സമിതിയിലുണ്ട്. കേന്ദ്ര നിയമകാര്യ സെക്രട്ടറി നിതിന്‍ ചന്ദ്രയാണ് സമിതിയുടെ സെക്രട്ടറി.

ബില്ല് യാഥാര്‍ത്ഥ്യമായാല്‍ നിലവിലുള്ള നിയമസഭകളെ അത് അട്ടിമറിക്കും എന്നാണ് പ്രതിപക്ഷ ആരോപണം. പ്രധാനമന്ത്രിയായി സ്ഥാനമേറ്റത് മുതല്‍ നരേന്ദ്ര മോദി ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം ഉന്നയിക്കുന്നുണ്ട്. തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതുമായി ബന്ധപ്പെട്ട് സംവാദമാകാമെന്നും സമവായത്തിലെത്താമെന്നും അദ്ദേഹം പൊതുവേദികളില്‍ പറഞ്ഞിരുന്നു.

Content Highlight: Rahul Gandhi says ‘One country, one election’ will destroy the concept of Indian Union:

We use cookies to give you the best possible experience. Learn more