കല്‍പ്പറ്റ: ബി.ജെ.പി മുന്‍ വക്താവ് നുപുര്‍ ശര്‍മക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സുപ്രീം കോടതി പറഞ്ഞത് സത്യമാണെന്നും വിവാദ പ്രസ്താവന നടത്തിയ നിപുര്‍ ശര്‍മ അല്ല രാജ്യത്ത് ഇപ്പോഴുള്ള സാഹര്യം സൃഷ്ടിച്ചതെന്നും ബി.ജെ.പി സര്‍ക്കാരാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ജനങ്ങളെ ഒന്നിച്ച് നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ആര്‍.എസ്.എസും ബി.ജെ.പിയും രാജ്യത്ത് ചെയ്തുകൊണ്ടിരിക്കുന്ന അക്രമങ്ങളായാലും വയനാട്ടില്‍ സംഭവിച്ച അക്രമമായാലും കോണ്‍ഗ്രസിന്റെ തത്വങ്ങള്‍ക്ക് എതിരാണ്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആര്‍.എസ്.എസും ബി.ജെ.പിയും ചേര്‍ന്നാണ് ദേഷ്യത്തിന്റെയും വെറുപ്പിന്റെയും അന്തരീക്ഷം രാജ്യത്ത് സൃഷ്ടിച്ചത്. ഇന്ത്യയുടെ താല്‍പര്യത്തിനും ജനങ്ങളുടെ താല്‍പര്യത്തിനും എതിരായ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് അവര്‍ നടത്തുന്നത്. അവരുടെ അത്തരം നടപടികളാണ് ദുരന്തങ്ങള്‍ക്ക് വഴിവെച്ചതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
തന്റെ ഓഫീസ് ആക്രമിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരുടേത് ഉത്തരവാദിത്തമില്ലായ്മയാണെന്നും സംഭവത്തില്‍ ആരോടും ദേഷ്യമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അക്രമിക്കപ്പെട്ടത് ജനങ്ങളുടെ ഓഫീസാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.