പാട്‌ന: രാജ്യത്തെ 73 ശതമാനം ജനങ്ങളേയും ബി.ജെ.പി നേതൃത്വത്തിലുള്ള മോദി സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. ബീഹാറില്‍ ആര്‍.ജെ.ഡി സംഘടിപ്പിച്ച ‘ജന്‍ വിശ്വാസ് റാലി’യെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ എന്‍.ഡി.എ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും കര്‍ഷകരോടും യുവാക്കളോടും സര്‍ക്കാര്‍ ചെയ്യുന്നത് അനീതിയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
അഗ്നിവീര്‍ പദ്ധതി രാജ്യത്തെ യുവാക്കളുടെ താത്പര്യങ്ങള്‍ക്ക് എതിരാണെന്ന് രാഹുല്‍ ഊന്നിപ്പറഞ്ഞു. ഇന്ത്യന്‍ പൗരന്മാര്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് വിമര്‍ശനം ഉയര്‍ത്തിയ എം.പി, വെറുപ്പിന്റെ വിപണിയിലേക്ക് കോണ്‍ഗ്രസ് സ്‌നേഹം വാഗ്ദാനം ചെയ്യുന്നുവെന്ന് പറഞ്ഞു.
റാലിക്കിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണിയായ ഇന്ത്യാ സഖ്യം പരമാവധി സീറ്റുകള്‍ നേടുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കുന്നതിനായി കോണ്‍ഗ്രസിന് വോട്ട് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിനെതിരെ വിവേചനപരമായി നിരന്തരം അന്വേഷണം നടത്തിവരുന്ന കേന്ദ്ര ഏജന്‍സികളായ ഇ.ഡി, സി.ബി.ഐ, ഐ.ടി എന്നിവയെ പ്രതിപക്ഷ നേതാക്കള്‍ ഭയപ്പെടുകയില്ലെന്നും ഖാര്‍ഗെ വ്യക്തമാക്കി.
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അടുത്തതായി എന്‍.ഡി.എയില്‍ നിന്ന് പ്രതിപക്ഷത്തേക്ക് വരാന്‍ തുനിഞ്ഞാല്‍ തേജസ്വി യാദവും ലാലു പ്രസാദും തങ്ങളുടെ വാതിലുകള്‍ കൊട്ടിയടക്കണമെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
നിതീഷ് കുമാര്‍ ഇന്ത്യാ സഖ്യം വിട്ടതിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന പ്രതിപക്ഷ നേതാക്കളുടെ ഏറ്റവും വലിയ സമ്മേളനമാണ് ജന്‍ വിശ്വാസ് റാലി. ഖാര്‍ഗെയെ കൂടാതെ ലാലു പ്രസാദ്, തേജസ്വി യാദവ്, സീതാറാം യെച്ചൂരി, ഡി. രാജ, ദീപങ്കര്‍ ഭട്ടാചാര്യ എന്നിവര്‍ റാലിയില്‍ പങ്കെടുത്തിരുന്നു.
Content Highlight: Rahul Gandhi says Modi govt neglecting 73% of India’s population