| Saturday, 31st December 2022, 9:19 pm

പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സുഖകരമായ അന്തരീക്ഷം ഉറപ്പാക്കേണ്ട ചുമതല കോണ്‍ഗ്രസിന്: രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എന്തൊക്കെ ചെയ്യാന്‍ പാടില്ലെന്ന് ബി.ജെ.പി തന്നെ പഠിപ്പിച്ചെന്നും അവരെ തന്റെ ഗുരുവായി കാണുന്നതായും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബി.ജെ.പി തങ്ങളെ എത്രത്തോളം ആക്രമിക്കുന്നുവോ അത്രത്തോളം കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രം മനസിലാകാന്‍ ഉപകരിക്കുമെന്നും രാഹുല്‍ പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സുഖകരമായ അന്തരീക്ഷം ഉറപ്പാക്കേണ്ട ചുമതല കോണ്‍ഗ്രസിനാണെന്നും അദ്ദേഹം വ്യക്തമാക്കി.

കാരണമില്ലാതെ കേന്ദ്രസര്‍ക്കാര്‍ തനിക്കെതിരെ കേസെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ഭാരത് ജോഡോ യാത്രയുടെ ദല്‍ഹി പര്യടനത്തിനിടെ രാഹുല്‍ ഗാന്ധി സുരക്ഷാ പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന് സി.ആര്‍.പി.എഫ് ആരോപിച്ചിരുന്നു. കൊവിഡ് കേസുകളുടെ വര്‍ധനവ് ചൂണ്ടിക്കാണിച്ച് ഭാരത് ജോഡോ യാത്ര നിര്‍ത്തിവെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവപ്പെട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ പ്രതികരണം.

എല്ലാ പ്രതിപക്ഷ നേതാക്കളും ഭാരത് ജോഡോ യാത്രയില്‍ കോണ്‍ഗ്രസിനൊപ്പമാണ്. ഞങ്ങളോടൊപ്പം ചേരുന്നതില്‍ നിന്ന് ഞങ്ങള്‍ ആരെയും തടയാന്‍ പോകുന്നില്ല. ഭാരത് ജോഡോ യാത്രയുടെ വാതിലുകള്‍ എല്ലാവര്‍ക്കുമായി തുറന്നിട്ടിരിക്കുകയാണ്.
അഖിലേഷും മായാവതിയും മറ്റുള്ളവരും സ്‌നേഹത്തിന്റെ ഇന്ത്യ ആഗ്രഹിക്കുന്നു. തങ്ങള്‍ക്കിടയില്‍ പ്രത്യയശാസ്ത്രപരമായ ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിദ്വേഷത്തിനെതിരെ രാജ്യത്തെ ഒന്നിപ്പിക്കുകയാണ് യാത്രയുടെ ലക്ഷ്യം.
ബി.ജെ.പി ധാരാളം പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ സത്യത്തിനെതിരെ പോരാടാന്‍ കഴിയില്ല. ഒരു മുന്‍ ധാരണയുമില്ലാതെയാണ് യാത്ര ആരംഭിച്ചത്. ഈ യാത്രയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സുഖകരമായ അന്തരീക്ഷം ഉറപ്പാക്കുക എന്നതും കോണ്‍ഗ്രസിന്റെ ചുമതലയാണ്. ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടം ഇനി തന്ത്രപരമായ രാഷ്ട്രീയ പോരാട്ടമല്ല. പ്രതിപക്ഷത്തിന് ഒരു പ്രത്യയശാസ്ത്ര ചട്ടക്കൂട് ആവശ്യമാണ്. അത് കോണ്‍ഗ്രസിന് മാത്രം നല്‍കാന്‍ കഴിയുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Rahul Gandhi Says It is the responsibility of the opposition parties to ensure a comfortable environment For Congress

We use cookies to give you the best possible experience. Learn more