|

വെറുതെ നിങ്ങളുടെ വോട്ട് പാഴാക്കേണ്ട; ഗോവയില്‍ മത്സരം നടക്കുന്നത് രണ്ട് പാര്‍ട്ടികള്‍ക്കിടയില്‍ മാത്രം: രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പനജി: തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ഗോവയില്‍ രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെ വാദപ്രതിവാദങ്ങള്‍ കടുക്കുന്നു.

ഗോവയില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കുമിടയിലാണ് മത്സരം നടക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. മറ്റൊരു പാര്‍ട്ടിയും സംസ്ഥാനത്ത് മത്സരരംഗത്ത് ഇല്ലെന്നും രാഹുല്‍ പറഞ്ഞു.

”കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണ് പോരാട്ടം, മറ്റൊരു പാര്‍ട്ടിയും ഇതിലില്ല. അതുകൊണ്ട് ദയവുചെയ്ത് നിങ്ങളുടെ വോട്ട് പാഴാക്കി കളയരുത്,” തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വിര്‍ച്വല്‍ റാലിയെ അഭിസംബോധന ചെയ്ത് രാഹുല്‍ പറഞ്ഞു.

ഗോവയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അവകാശപ്പെട്ട രാഹുല്‍ കൊവിഡ് മാനേജ്‌മെന്റിന്റെ കാര്യത്തിലും ടൂറിസം വികസനത്തിന്റെ കാര്യത്തിലും സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാര്‍ തികഞ്ഞ പരാജയമായിരുന്നെന്നും വിമര്‍ശിച്ചു.

”മുഴുവന്‍ ഭൂരിപക്ഷത്തോടും കൂടി ഗോവയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കും. വോട്ടര്‍മാരുടെ സഹായത്തോട് കൂടി കോണ്‍ഗ്രസ് ഇത്തരത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.

നിങ്ങളെ കേള്‍ക്കുന്ന ഒരു സര്‍ക്കാരിന് വേണ്ടി വോട്ട് ചെയ്യൂ എന്നാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്,” രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

പിന്നില്‍ നിന്ന് കുത്തിയവര്‍ക്കും ചതിക്കുന്നവര്‍ക്കും തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കേണ്ട എന്ന ശക്തമായ നിലപാടാണ് ഇത്തവണ കോണ്‍ഗ്രസ് എടുത്തിരിക്കുന്നതെന്നും പുതിയ ആളുകള്‍ക്കാണ് ഇത്തവണ ടിക്കറ്റ് നല്‍കിയിരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഫെബ്രുവരി 14നാണ് ഗോവയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.


Content Highlight: Rahul Gandhi says, in Goa the fight is only between Congress and BJP

Video Stories