ന്യൂദല്‍ഹി: ബി.ജെ.പിക്കും ആര്‍.എസ്.എസിനുമെതിരായ പോരാട്ടമാണ് തന്റെ ജീവിതമെന്ന് രാഹുല്‍ ഗാന്ധി
കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തില്‍. ജനവിശ്വാസം തിരിച്ചുപിടിക്കാന്‍ കുറുക്കുവഴികളില്ലെന്നും വിയര്‍പ്പൊഴുക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ മുന്നോട്ടുപോക്കിന് കര്‍മപദ്ധതി തയാറാണ്. യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കും. പരിചയസമ്പന്നരെ മാറ്റിനിര്‍ത്തില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ജീവിതത്തില്‍ അഴിമതി നടത്തിയിട്ടില്ല, അതിനാല്‍ ഭയമില്ല. സത്യത്തിനായുളള പോരാട്ടത്തില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. നേതാക്കള്‍ എല്ലാവരും ജനങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പാര്‍ലമെന്റില്‍ പ്രതിപക്ഷത്തെ സംസാരിക്കാന്‍ അനുവദിക്കുന്നില്ല. കയ്യൂക്ക് കൊണ്ട് ഭരണഘടനയെ അട്ടിമറിക്കാനാണ് ബി.ജെ.പി ശ്രമിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
അതേസമയം, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തിന്റെ വിവരം പുറത്തുവരുമ്പോള്‍ പാര്‍ട്ടി പദവികളില്‍ 50 ശതമാനം സംവരണം നല്‍കാന്‍ തീരുമാനിച്ചതായി സൂചനയുണ്ട്.
ന്യൂനപക്ഷ, ദളിത്, വനിത വിഭാഗങ്ങള്‍ക്കാണ് 50 ശതമാനം സംവരണം നല്‍കുക. രാജസ്ഥാനിലെ ഉദയ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തിലെ പ്രഖ്യാപനത്തിലെ നിര്‍ദേശങ്ങളാണ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ചര്‍ച്ചയായത്.
തെരഞ്ഞെടുപ്പില്‍ ഒരു കുടുംബത്തില്‍ നിന്ന് ഒരു സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനും യോഗത്തില്‍ തീരുമാനമായെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ ചെറിയ ഇളവും അനുവദിച്ചിട്ടുണ്ട്.
കുടുംബത്തിലെ രണ്ടാമന് അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തന പരിചയമുണ്ടാകുമ്പോഴാണ് ഇളവ് അനുവദിക്കുക. തെരഞ്ഞെടുപ്പുകള്‍ക്കായി പ്രത്യേക സമിതിയുണ്ടാക്കാനും തീരുമാനമായിട്ടുണ്ട്. രാഹുല്‍ ഗാന്ധി രാജ്യവ്യാപകമായി പദയാത്ര നടത്തണമെന്ന നിര്‍ദേശവും പ്രവര്‍ത്തക സമിതിയോഗത്തില്‍ ഉയര്‍ന്നു.