ന്യൂദൽഹി: പുൽവാമ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹം കൊണ്ടുവരുന്നതറിഞ്ഞ് എത്തിയ തന്നെ എയർപോർട്ടിലെ മുറിയിൽ പൂട്ടിയിട്ട കാര്യം വെളിപ്പെടുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയും സൈനികരുമെല്ലാം അവിടെ എത്തിയിട്ടും തന്നെ പൂട്ടിയിട്ടത് എന്തിനാണെന്ന് മനസിലായില്ലെന്നും അന്നേ ദിവസം എയർപോർട്ടിൽ ഒരു ഷോ നടക്കുന്നത് പോലെയാണ് തനിക്ക് അനുഭവപ്പെട്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
‘പുൽവാമ ആക്രമണത്തിൽ രക്തസാക്ഷികളായ സൈനികരെ എയർപോർട്ടിലേക്ക് കൊണ്ടുവരുന്നുണ്ടെന്ന് ഞാൻ അറിഞ്ഞു. ഞാൻ നേരെ എയർപോർട്ടിലേക്ക് പോയി.
എന്റെ സുരക്ഷാ ജീവനക്കാർ എന്നോട് പോകരുതെന്ന് പറഞ്ഞു. പക്ഷേ ഞാൻ അവരോട് പോകുകയാണെന്ന് പറഞ്ഞു.
എയർപോർട്ടിൽ എന്നെ അവർ ഒരു മുറിയിൽ പൂട്ടിയിട്ടു. മുറിയിൽ നിന്ന് പുറത്തുപോകാൻ പറ്റില്ലെന്ന് പറഞ്ഞു. എന്തുകൊണ്ടെന്ന് ഞാൻ അവരോട് ചോദിച്ചു.
രക്തസാക്ഷികളെ അങ്ങോട്ട് കൊണ്ടുവന്നിരുന്നു. സൈനിക ഉദ്യോഗസ്ഥരും അവിടെ ഉണ്ടായിരുന്നു. പ്രധാനമന്ത്രി അവിടേക്ക് വന്നുകൊണ്ടിരിക്കുകയായിരുന്നു. എന്നിട്ട് എന്നെ പൂട്ടിയിട്ട ശേഷം അവർ പറയുന്നു എനിക്ക് പുറത്ത് വരാൻ പറ്റില്ലെന്ന്.
എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഞാൻ സെക്യൂരിറ്റി ജീവനക്കാരോട് ചോദിച്ചു. അവിടെ നിന്ന് പുറത്തേക്ക് വരാൻ ഞാൻ ഒരുപാട് ശ്രമിച്ചുനോക്കി.
അവിടെ ഒരു ഷോ നടത്തുകയാണ് അവർ എന്ന് എനിക്ക് തോന്നി. എന്നെ നടുക്കിയ കാര്യം എന്താണെന്ന് വച്ചാൽ അവിടെ എന്തോ ഒരു വലിയ പരിപാടി നടക്കുന്നത് പോലെയായിരുന്നു. പ്രധാനമന്ത്രി വന്നു, അവർ രാജ്യത്തെ മുഴുവനായി എന്തോ പ്രദർശിപ്പിക്കുവാൻ ഉദ്ദേശിക്കുന്ന പോലെയായിരുന്നു,’ രാഹുൽ ഗാന്ധി പറഞ്ഞു.
CONTENT HIGHLIGHT: Rahul Gandhi says he was locked inside airport room during visit to Pulwama martyrs