സഖ്യ കക്ഷികളുടെ വികാരം ബഹുമാനിക്കുമെന്ന് രാഹുൽ ഗാന്ധി; സവർക്കർ ആർ.എസു.എസുകാരനല്ല, നമ്മുടെ ശത്രു ബി.ജെ.പിയും മോദിയുമെന്ന് ഉപദേശിച്ച് പവാർ
national news
സഖ്യ കക്ഷികളുടെ വികാരം ബഹുമാനിക്കുമെന്ന് രാഹുൽ ഗാന്ധി; സവർക്കർ ആർ.എസു.എസുകാരനല്ല, നമ്മുടെ ശത്രു ബി.ജെ.പിയും മോദിയുമെന്ന് ഉപദേശിച്ച് പവാർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th March 2023, 8:40 am

ന്യൂദൽഹി: സഖ്യകക്ഷികളുടെ വികാരം ബഹുമാനിക്കുന്നുവെന്ന് കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി. സവർക്കർ പരാമർശത്തെ തുടർന്ന് ശിവസേനയിൽ നിന്നും ഭിന്നാഭിപ്രായം ഉണ്ടായതിന് പിന്നാലെയാണിത്.

സവർക്കറുമായോ ആർ. എസ്. എസുമായോ അല്ല മറിച്ച് ബി. ജെ. പിയും നരേന്ദ്ര മോദിയുമാണ് പ്രതിപക്ഷത്തിന്റെ എതിരാളികളെന്ന് രാഹുൽ ഗാന്ധിയോട് ശരദ് പവാർ പറഞ്ഞിരുന്നു. രാഹുൽ ഗാന്ധിയുടെ സവർക്കർ പരാമർശം വിവാദമാകുന്നതിനിടെയാണ് ശരദ് പവാറിന്റെ പ്രതികരണം.

രാഹുൽ ഗാന്ധിയുടെ സവർക്കർ പരാമർശം മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യത്തിന് വിള്ളലുണ്ടാക്കുകയാണെന്നും പ്രതിപക്ഷത്തിന്റെ യഥാർത്ഥ പ്രതിഷേധം പരാമർശത്തെ തുടർന്ന് വഴി മാറിപ്പോയെന്നും ശരദ് പവാർ പറഞ്ഞു.

സവർക്കർ ആർ.എസ്. എസുകാരൻ അല്ലായിരുന്നുവെന്നും പവാർ പറഞ്ഞു.

കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിലായിരുന്നു പവാർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

അതേസമയം രാഹുൽ ഗാന്ധിയുടെ പരാമർശത്തെ തുടർന്ന് മഹാവികാസ് ആഘാഡി സഖ്യം ഇല്ലാതാകുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അത് തെറ്റാണെന്ന് ഉദ്ധവ് താക്കറെ വിഭാഗം ശിവസേന നേതാവ് സഞ്ജയ്‌ റാവത്ത് പറഞ്ഞു.

“സവർക്കർ പരാമർശത്തെ ഉയർത്തി കാണിക്കേണ്ടതില്ല എന്ന നിലപാട് തന്നെയാണ് എല്ലാ പ്രതിപക്ഷ പാർട്ടികളും ഒരുപോലെ തീരുമാനിച്ചിരിക്കുന്നത്. പോരാട്ടം മോദിക്കെതിരെയാണോ സവർക്കറിനെതിരെയാണോ എന്നത് ഉറപ്പിക്കേണ്ടതുണ്ട്,” റാവത്ത് പറഞ്ഞു.

അയോ​ഗ്യനാക്കപ്പെട്ട വിധിക്ക് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിൽ മാപ്പ് പറയാൻ താൻ സവർക്കറല്ല, ​ഗാന്ധിയാണെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞിരുന്നു. വി. ഡി സവർക്കർ തങ്ങളുടെ ആരാധനാപാത്രമാണെന്നും അദ്ദേഹത്തെ അപമാനിക്കുന്നത് ക്ഷമിക്കാനാകില്ലെന്നും സേന (യു.ബി.ടി), കോൺഗ്രസ്, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) എന്നീ മൂന്ന് പാർട്ടികളും ചേർന്ന് മഹാ വികാസ് അഘാഡി (എം.വി.എ) സഖ്യം രൂപീകരിച്ചത് ജനാധിപത്യം സംരക്ഷിക്കുന്നതിനുവേണ്ടിയാണെന്നും അതിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടത് ആവശ്യമാണെന്നും താക്കറെ പറഞ്ഞു.

ചിലർ ബോധപൂർവം രാഹുൽ ഗാന്ധിയെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“സവർക്കർ നമ്മുടെ ആരാധനാപാത്രമാണ്, നമ്മുടെ ജനാധിപത്യം സംരക്ഷിക്കാൻ ഒരുമിച്ച് പോരാടേണ്ടി വന്നാൽ സവർക്കറിനെതിരെയുള്ള അപകീർത്തികരമായ പരാമർശങ്ങൾ വെച്ചുപൊറുപ്പിക്കില്ല. 14 വർഷത്തോളം ആൻഡമാൻ സെല്ലുലാർ ജയിലിൽ സവർക്കർ അനുഭവിച്ചത് സങ്കൽപ്പിക്കാനാവാത്ത പീഡനങ്ങളാണ്. കഷ്ടപ്പാടുകൾ മാത്രമേ അവിടെ നമുക്ക് വായിക്കാനാവൂ. ഇത് ത്യാഗത്തിന്റെ ഒരു രൂപമാണ്.

നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ നമ്മൾ ഒന്നിച്ചിരിക്കുകയാണെന്ന് രാഹുൽ ഗാന്ധിയോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ നിങ്ങളെ ബോധപൂർവം പ്രകോപിപ്പിക്കുകയാണ്. ഈ സമയം പാഴാക്കാൻ അനുവദിച്ചാൽ ജനാധിപത്യം ഇല്ലാതാകും. 2024ലേത് അവസാന തെരഞ്ഞെടുപ്പായിരിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാരത് ജോഡോ യാത്രയിൽ സവർക്കറിനെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിനെതിരെയും താക്കറെ വിഭാ​ഗം എതിർപ്പ് അറിയിച്ചിരുന്നു.

Content Highlight: Rahul Gandhi says he respects the sentiments of allies over savarkar row