ഹിന്ദിയെ മാത്രം 'ദേശീയ ഭാഷ' ആക്കാനുള്ള ഉദ്ദേശം കോണ്‍ഗ്രസിനില്ല; പ്രാദേശിക ഭാഷയെ പ്രാധാന്യത്തോടെ കാണാന്‍ പൗരന് ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നുണ്ട്: രാഹുല്‍ ഗാന്ധി
national news
ഹിന്ദിയെ മാത്രം 'ദേശീയ ഭാഷ' ആക്കാനുള്ള ഉദ്ദേശം കോണ്‍ഗ്രസിനില്ല; പ്രാദേശിക ഭാഷയെ പ്രാധാന്യത്തോടെ കാണാന്‍ പൗരന് ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നുണ്ട്: രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th October 2022, 4:26 pm

ബെംഗളൂരു: കന്നഡ പോലുള്ള പ്രാദേശിക ഭാഷകളുടെ സ്വത്വത്തെ അംഗീകരിക്കാതെ ഹിന്ദിയെ മാത്രം ‘ദേശീയ ഭാഷ’ ആക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

എല്ലാവര്‍ക്കും അവരവരുടെ മാതൃഭാഷ പ്രധാനമാണെന്നും ഭരണഘടനപ്രകാരം തന്നെ എല്ലാവര്‍ക്കും അതിനുള്ള അവകാശമുണ്ടെന്നും, കോണ്‍ഗ്രസ് എല്ലാ ഭാഷകളെയും ബഹുമാനിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കര്‍ണാടകയിലെ ഭാരത് ജോഡോ യാത്രക്കിടെ വെള്ളിയാഴ്ച നിരവധി വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളുമായും അധ്യാപകരുമായും നടത്തിയ സംവാദത്തിനിടെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക് ഖാര്‍ഗെയെ ഉദ്ധരിച്ച് എന്‍.ഡി.ടി.വിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ ഗാന്ധി കുടുംബം നിയന്ത്രിക്കുമെന്ന് പറയുന്നത് അപമാനകരമാണെന്നും രാഹുല്‍ ഗാന്ധി ശനിയാഴ്ച പ്രതികരിച്ചു.

താന്‍ എന്തുകൊണ്ട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നില്ല എന്നത് 2019ലെ തന്റെ രാജിക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. താന്‍ കോര്‍പ്പറേറ്റുകള്‍ക്കോ ബിസിനസുകള്‍ക്കോ എതിരല്ലെന്നും ബിസിനസുകളുടെ കുത്തകവത്ക്കരണത്തോടാണ് എതിര്‍പ്പെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് ഒരു ഫാസിസ്റ്റ് പാര്‍ട്ടിയല്ല. വിവിധ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളേയും സ്വാഗതം ചെയ്യുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് ജയിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് ഞങ്ങള്‍ക്കറിയാം. വിദ്വേഷവും അക്രമവും പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ പറഞ്ഞു.

ഈ മാസം 17നാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പ്. 19നാണ് വോട്ടെണ്ണല്‍. ശശി തരൂരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമാണ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്നത്.