| Tuesday, 20th October 2020, 3:00 pm

'കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന നിര്‍ഭാഗ്യകരം'; കേരളത്തിന്റെ കൊവിഡ് പ്രതിരോധം മികച്ച രീതിയിലെന്ന് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വയനാട്: കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വയനാട് എം. പിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ഗാന്ധി. കൊവിഡിനെതിരെ പോരാടുന്നതില്‍ കേരളത്തിന് വീഴ്ചയുണ്ടായെന്ന കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്റെ പ്രസ്താവന നിര്‍ഭാഗ്യകരമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

‘കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്റെ ഭാഗത്ത് നിന്നുണ്ടായ പ്രസ്താവന നിര്‍ഭാഗ്യകരമാണ്. രാജ്യം കൊവിഡിനെതിരെ ഒരുമിച്ചാണ് പോരാടുന്നത്. അതിന് ഒരു ഭാഗം മാത്രം നോക്കി കുറ്റം പറയുന്നത് ശരിയായ നടപടിയല്ല,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

കേരളത്തിലും വയനാട്ടിലും കൊവിഡ് പ്രതിരോധം മികച്ച രീതിയിലാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.

‘കേരളത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലാണ് നടക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, പഞ്ചായത്ത് തല പ്രവര്‍ത്തനങ്ങള്‍ തുടങ്ങി മികച്ച പ്രവര്‍ത്തനമാണ് കേരളത്തില്‍ നടക്കുന്നത്. എല്ലാ സാഹചര്യങ്ങളിലും ഉണ്ടാകുന്നത് പോലെയുള്ള പ്രതിസന്ധികളുണ്ടാകും.എന്നാലും അടുത്തകാലങ്ങളായി അറിയുന്ന കാര്യങ്ങള്‍ വെച്ച് കേരളത്തില്‍ നിന്ന് ഒരു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വയനാട്ടില്‍ കൊവിഡ് പ്രതിരോധത്തെ കുറച്ച് കൂടി പ്രത്യേകമായി കാണേണ്ടതുണ്ട്. ഇവിടെ പിന്നാക്ക വിഭാഗങ്ങളുണ്ട്, ആദിവാസി ജനസമൂഹമുണ്ട്. അവര്‍ക്ക് കൂടുതല്‍ പിന്തുണകൊടുത്തു കൊണ്ട് കാര്യങ്ങളെ കുറച്ച് കൂടി ശ്രദ്ധയോടെ കാണേണ്ടതുണ്ട്. ഇന്ന് ജില്ലാ ഭരണകൂടവുമായി നടത്തിയ യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. പൊതുവില്‍ വയാനാട്ടിലെയും കൊവിഡ് പ്രതിരോധം തൃപ്തികരമാണ്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

സ്‌കൂള്‍ കെട്ടിട ഉദ്ഘാടനം ഒഴിവായതില്‍ പരാതിയില്ല. ആശയപരമായി കേരളത്തിലെ സര്‍ക്കാരുമായി വിയോജിപ്പുണ്ടാകാം. അത് പക്ഷെ കേരളത്തിലെ ജനങ്ങള്‍ക്ക് പ്രയോജനകരമായ ഒരു കാര്യം പങ്കുവെക്കുന്നതില്‍ നിന്നും തന്നെ തടുക്കില്ലെന്നും രാഹുല്‍ പറഞ്ഞു.

കാര്‍ഷിക നിയമങ്ങള്‍ രാജ്യത്തെ കാര്‍ഷിക വ്യവസ്ഥയെ മൊത്തം തകിടം മറിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പഞ്ചാബില്‍ അതിനെതിരെ ഒരു പടി എടുത്തുവെച്ചു കഴിഞ്ഞു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ കര്‍ഷകരാണ് രാജ്യത്തിന്റെ നട്ടെല്ല്. കൊവിഡിനിടയില്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്ത ഏറ്റവും വലിയ ദുരന്തമാണ് കാര്‍ഷിക നിയമം പാസാക്കിയതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.ഈ നിയമങ്ങള്‍ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ സത്യം പുറത്ത് വരട്ടെയെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തിയത്. കഴിഞ്ഞ ദിവസമാണ് രാഹുല്‍ തന്റെ മണ്ഡലത്തിലെത്തിയത്. കൊവിഡുമായി ബന്ധപ്പെട്ട് രാഹുല്‍ മലപ്പുറം ജില്ലാ കളക്ടറുമായും വയനാട് ജില്ലാ കളക്ടറുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rahul Gandhi says Harshawardhan’s comment on  covid preventive measures of kerala is unfortunate

We use cookies to give you the best possible experience. Learn more