തീവ്ര നിലപാടുകാരെ പുറത്താക്കിയാല്‍ പിന്നെ ബി.ജെ.പിയുണ്ടോ; ഇതൊന്നു നോക്കൂ; നേതാക്കളുടെ പഴയ പ്രസ്താവന ഓര്‍മ്മിപ്പിച്ച് രാഹുല്‍
national news
തീവ്ര നിലപാടുകാരെ പുറത്താക്കിയാല്‍ പിന്നെ ബി.ജെ.പിയുണ്ടോ; ഇതൊന്നു നോക്കൂ; നേതാക്കളുടെ പഴയ പ്രസ്താവന ഓര്‍മ്മിപ്പിച്ച് രാഹുല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th June 2022, 3:00 pm

ന്യൂദല്‍ഹി: ബി.ജെ.പിക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തീവ്രതയാണ് ബി.ജെ.പിയുടെ കാതല്‍ എന്ന തലക്കെട്ടോടെ ബി.ജെ.പി നേതാക്കള്‍ മുന്‍പ് നടത്തിയ പ്രസ്താവനകളുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകളുടെ തലക്കെട്ടുകള്‍ നിരത്തിയാണ് രാഹുലിന്റെ പോസ്റ്റ്.

അല്‍ ജസീറ, ദി പ്രിന്റ്, ദി ഇക്കണോമിക് ടൈംസ്, ദി ഏഷ്യന്‍ എയ്ജ് തുടങ്ങിയ പത്രങ്ങളുടെ തലക്കെട്ടുകളാണ് രാഹുല്‍ പങ്കുവെച്ചിരിക്കുന്നത്.

ദശലക്ഷക്കണക്കിന് അനധികൃത നുഴഞ്ഞുകയറ്റക്കാര്‍ ‘ചിതലിനെ’ പോലെ രാജ്യത്ത് പ്രവേശിച്ചിട്ടുണ്ടെന്നും അവരെ വേരോടെ പിഴുതെറിയണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 2018ല്‍ നടത്തിയ പരാമര്‍ശം അന്ന് വലിയ വിവാദമായിരുന്നു.

സ്വതന്ത്രമായിരിക്കാന്‍ കഴിവില്ലാത്തവരാണ് സ്ത്രീകളെന്ന യു.പി മുഖ്യമന്ത്രിയുടെ പരാമര്‍ശവും പില്‍ക്കാലത്ത് ചര്‍ച്ചകളില്‍ സജീവമായിരുന്നു.

രാജ്യദ്രോഹികളായ ഇവരെ വെടിവെച്ച് കൊല്ലണമെന്നായിരുന്നു 2020ല്‍ അനുരാഗ് താക്കൂര്‍ പറഞ്ഞിരുന്നത്.

എന്ത് തന്നെ സംഭവിച്ചാലും നാഥുറാം ഗോഡ്‌സെ ദേശഭ്കതനായി തുടരുമെന്ന പ്രഗ്യാ സിംഗ് താക്കൂറിന്റെ പ്രഖ്യാപനത്തിന്റെയും വാര്‍ത്ത രാഹുല്‍ തന്റെ പോസ്റ്റില്‍ പങ്കുവെച്ചു.

Content Highlight: Rahul gandhi says fringe is the core of bjp