| Monday, 6th April 2020, 4:17 pm

കൊവിഡ്; ജാതി, മത, വര്‍ഗ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് ഒറ്റ ജനതയായി നില്‍ക്കാന്‍ ഇന്ത്യയ്ക്ക് ലഭിച്ച അവസരമെന്ന് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് എന്ന മഹാമാരിയിലൂടെ ജാതി, മത, വര്‍ഗ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് ഒറ്റ ജനതയായി നില്‍ക്കാന്‍ ഇന്ത്യയ്ക്ക് ഒരു അവസരം ലഭിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

ഈ മാരക വൈറസിന്റെ പരാജയം മാത്രമാണ് എല്ലാവരുടേയും ലക്ഷ്യമെന്നും വൈറസിനെതിരെയുള്ള പോരാട്ടം മാത്രമാണ് ഇന്ന് എല്ലാവരുടേയും പൊതുവായ ഉദ്ദേശമെന്നും രാഹുല്‍ ട്വിറ്ററില്‍ പറഞ്ഞു.

അനുകമ്പയും സഹാനുഭൂതിയും ആത്മത്യാഗവുമാണ് ഇവിടെ ആവശ്യമെന്നും ഒരുമിച്ച് നിന്ന് ഈ യുദ്ധത്തില്‍ നമ്മള്‍ വിജയിക്കുക തന്നെ ചെയ്യുമെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

രാജ്യത്തെ കൊവിഡ് വൈറസ് ബാധയെ പിടിച്ചു കെട്ടാന്‍ പരിശ്രമിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.

കൊവിഡിനെ പോരാടുന്നവര്‍ക്ക് നന്ദി പറയുന്നതിന് ഒപ്പം അവര്‍ക്ക് ആവശ്യമുള്ള സുരക്ഷാ ഉപകരണങ്ങള്‍ ഉറപ്പു വരുത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ആത്മാര്‍ത്ഥയോടെ സേവനങ്ങളില്‍ ഏര്‍പ്പെടുന്ന നിരവധി പേര്‍ സുരക്ഷാ ഉപകരണങ്ങളില്ലാതെ നിരന്തരം അപകടത്തെ നേരിട്ടു കൊണ്ടിരിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ നരേന്ദ്ര മോദി ആഹ്വനം ചെയ്ത പാത്രം കൊട്ടലിനേയും ദീപം തെളിയിക്കലിനേയും വിമര്‍ശിക്കുന്ന ഒരു ചിത്രവും രാഹുല്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.

ലോകത്തെ മറ്റു രാജ്യങ്ങളില്‍ കൊവിഡ് പ്രതിരോധ കിറ്റില്‍ മാസ്‌ക്കും സാനിറ്റൈസറും ഗ്ലൗസുമൊക്കെയുള്ളപ്പോള്‍ ഇന്ത്യയില്‍ പാത്രവും വിളക്കും ടോര്‍ച്ചുമൊക്കെയാണെന്ന് കാണിക്കുന്ന ചിത്രമായിരുന്നു രാഹുല്‍ ഗാന്ധി പങ്കുവെച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more