'ബി.ജെ.പിയെക്കൊണ്ട് ജാതി സെൻസസ് നടപ്പാക്കിക്കും; അല്ലെങ്കിൽ അവരെ അധികാരത്തിൽ നിന്ന് മാറ്റി ഞങ്ങൾ നടപ്പാക്കും'
national news
'ബി.ജെ.പിയെക്കൊണ്ട് ജാതി സെൻസസ് നടപ്പാക്കിക്കും; അല്ലെങ്കിൽ അവരെ അധികാരത്തിൽ നിന്ന് മാറ്റി ഞങ്ങൾ നടപ്പാക്കും'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th October 2023, 5:51 pm

ന്യൂദൽഹി: ജാതി സെൻസസ് എന്ന ആശയത്തെ പിന്തുണക്കുകയല്ല, മറിച്ച് അത് നടപ്പാക്കാൻ ബി.ജെ.പിയെ നിർബന്ധിതരാക്കുക എന്നതാണ് കോൺഗ്രസ്‌ ഉദ്ദേശിക്കുന്നതെന്ന് രാഹുൽ ഗാന്ധി. അല്ലാത്തപക്ഷം ബി.ജെ.പി അധികാരത്തിൽ നിന്ന് ഇറങ്ങണമെന്നും തങ്ങൾ ജാതി സെൻസസ് നടപ്പാക്കുമെന്നും കോൺഗ്രസ്‌ പാർട്ടിയുടെ വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.

ജാതി സെൻസസ് നടപ്പാക്കുന്നതോടെ വികസനത്തിന്റെ പുതിയ മുഖം വെളിപ്പെടുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ജാതി സെൻസസ് നടപ്പാക്കുന്നത് വരെ കോൺഗ്രസ്‌ പൊരുതുമെന്നും എല്ലാവർക്കും തുല്യനീതി ലഭിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

‘ജാതി സെൻസസ് നടപ്പാക്കണമെന്ന് കോൺഗ്രസ്‌ വർക്കിങ് കമ്മിറ്റി ഏകകണ്ഠമായി ഇന്ന് തീരുമാനമെടുത്തു. രാജ്യത്തെ പാവപ്പെട്ട ജനതയുടെ ഉന്നമനത്തിന് അത് വളരെ ശക്തവും പുരോഗമനപരവുമായ തീരുമാനമാണ്.
രാജസ്ഥാൻ, ഛത്തീസ്‌ഗഡ്‌, കർണാടക, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരും ജാതി സെൻസസ് നടപ്പാക്കാൻ തീരുമാനമെടുത്തിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.

ഇന്ത്യ മുന്നണിയിലെ എല്ലാ പാർട്ടികളും ജാതി സെൻസസിനെ അനുകൂലിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഭൂരിപക്ഷം പേരും ആഗ്രഹിക്കുന്നുണ്ടെന്നും ഭിന്ന സ്വരത്തെ മാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഇന്ത്യ മുന്നണിയിലെ ഭൂരിപക്ഷം പാർട്ടികളും ജാതി സെൻസസ് നടപ്പാക്കണമെന്ന് തന്നെയാണ് ഉദ്ദേശിക്കുന്നത്. എന്നാൽ ജാതി സെൻസസിനെ എതിർക്കുന്ന ചില പാർട്ടികളുണ്ട്. എന്നാൽ, അതൊരു പ്രശ്നമല്ല. കാരണം, ഞങ്ങൾ എല്ലാവരുടെയും അഭിപ്രായങ്ങൾ മാനിക്കുന്നു, ഒരു ഫാസിസ്റ്റ് മുന്നണിയല്ല ഇത്,’ അദ്ദേഹം പറഞ്ഞു.

ജാതി സെൻസസ് നടപ്പിലാക്കിയാൽ സാമ്പത്തിക സെൻസസാണ് കോൺഗ്രസ്‌ പാർട്ടിയുടെ അടുത്ത ലക്ഷ്യമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

‘ജാതി സെൻസസ് മതത്തിന്റെയും ജാതിയുടെയും കാര്യമല്ല. ഇത് ഇന്ത്യയിലെ പാവപ്പെട്ടവരുടെ കാര്യമാണ്. ഇന്ത്യയിലെ ഒ.ബി.സി, ഇന്ത്യയിലെ ദളിത്‌, ഇന്ത്യയിലെ ആദിവാസി, ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങൾ, ഇവർക്ക് വേണ്ടിയാണ് ഇത് നടപ്പാക്കുന്നത്.

അതിലൂടെ ഇന്ത്യയിലെ ആരൊക്കെയുണ്ട്, എത്ര പേരുണ്ട് എന്ന് നമുക്ക് മനസ്സിലാകും. അവിടെ അത് അവസാനിക്കുന്നില്ല. ശേഷം നമ്മൾ സാമ്പത്തിക സെൻസസ് നടത്തും. അതോടെ എത്ര പേരുണ്ട്, ആരുടെയൊക്കെ കൈയിൽ ആണ് പണമുള്ളത്, എവിടെയാണുള്ളത് എന്ന് മനസ്സിലാകും,’ അദ്ദേഹം പറഞ്ഞു

CONTENT HIGHLIGHT: Rahul Gandhi says Congress will force BJP to implement Caste census or make them step down