കോണ്‍ഗ്രസ് നിലകൊള്ളുന്നത് ഗോത്രവര്‍ഗക്കാരുടെ ജലം, വനം, ഭൂമി എന്നിവയുടെ സംരക്ഷണത്തിന്: രാഹുല്‍ ഗാന്ധി
national news
കോണ്‍ഗ്രസ് നിലകൊള്ളുന്നത് ഗോത്രവര്‍ഗക്കാരുടെ ജലം, വനം, ഭൂമി എന്നിവയുടെ സംരക്ഷണത്തിന്: രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th February 2024, 4:31 pm

റാഞ്ചി: സംസ്ഥാനത്തെ ഗോത്രവര്‍ഗക്കാരുടെ ജലം, വനം, ഭൂമി തുടങ്ങിയവയ്ക്കും ഇന്ത്യയിലെ യുവാക്കളുടെ തൊഴിലിനും വേണ്ടിയാണ് തന്റെ പാര്‍ട്ടി നിലകൊള്ളുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയിലെത്തിയ ഭാരത് ജോഡോ ന്യായ് യാത്രയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗോത്രവര്‍ഗക്കാരുടെ ജല്‍-ജംഗിള്‍-ജാമിന് വേണ്ടിയാണ് കോണ്‍ഗ്രസ് പാര്‍ട്ടി നിലകൊള്ളുന്നതെന്നും യുവാക്കളുടെ വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടി ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ത്യയിലെ സാമ്പത്തിക അസന്തുലിതാവസ്ഥ, നോട്ട് അസാധുവാക്കല്‍, ജി.എസ്.ടി, തൊഴിലില്ലായ്മ എന്നിവ രാജ്യത്തെ യുവാക്കളുടെ ഭാവി തകര്‍ത്തുവെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

സ്വകാര്യ വ്യക്തികള്‍ക്കും കോര്‍പറേറ്റുകള്‍ക്കും രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുന്നത് തടയുക, തൊഴിലാളികളായ യുവാക്കള്‍ക്കും ആദിവാസികള്‍ക്കും നീതി ഉറപ്പാക്കുക എന്നിവയാണ് യാത്രയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ജാര്‍ഖണ്ഡിലെ ഏറ്റവും വലിയ ഭൂപ്രദേശമായ ബൊക്കാറോ ഉരുക്ക് നഗരമാണെന്ന് എ.ഐ.സി.സി പ്രസിഡന്റ് ജയറാം രമേശ് യാത്രയില്‍ പറയുകയുണ്ടായി. 70 വര്‍ഷം കോണ്‍ഗ്രസ് എന്താണ് ചെയ്തതെന്ന ചോദ്യത്തെ ഉദ്ധരിച്ചുകൊണ്ട് ഭിലായ്, റൂര്‍ക്കേല, ദുര്‍ഗാപൂര്‍, ഭക്രാ നംഗല്‍, ബൊക്കാറോ, ധന്‍ബാദ്, ബറൗനി, സിന്ദ്രി ഇവയെല്ലാം ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന്റെ സ്മാരകങ്ങളാണെന്നും രമേശ് പറഞ്ഞു.

നിലവില്‍ എട്ട് ദിവസങ്ങളില്‍ രണ്ട് ഘട്ടങ്ങളായി സംസ്ഥാനത്തെ 13 ജില്ലകളിലൂടെ 804 കിലോമീറ്റര്‍ ഭാരത് ജോഡോ ന്യായ് യാത്ര സഞ്ചരിക്കുമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്.

Content Highlight: Rahul Gandhi says Congress stands for the protection of water, forest and land of tribals