| Monday, 5th October 2020, 3:39 pm

കര്‍ഷകര്‍ക്കൊപ്പമുള്ള പോരാട്ടത്തില്‍ നിന്നും ഒരിഞ്ച് പിറകോട്ടില്ല, ഓരോ കര്‍ഷകനും തെരുവിലിറങ്ങണം: രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമൃത്സര്‍: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെയുള്ള പോരാട്ടത്തില്‍ നിന്നും ഒരിഞ്ച് പോലും പിറകോട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. പഞ്ചാബിലെ സംഗ്രൂരിലെ ബര്‍ണാല ചൗക്കില്‍ കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ കര്‍ഷകരും തെരുവിലിറങ്ങി സമരം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് എല്ലായ്‌പോഴും കര്‍ഷകര്‍ക്കൊപ്പമാണെന്നും എപ്പോഴും അവരെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഈ നിയമം എടുത്തുകളയുമെന്നും മോഗയില്‍ സംസാരിക്കവെ രാഹുല്‍ പറഞ്ഞിരുന്നു.

ഖേതി ബച്ചാവോ യാത്ര എന്ന പേരില്‍ പഞ്ചാബിലൂടെ രാഹുല്‍ നടത്തുന്ന ട്രാക്ടര്‍ റാലിയ്ക്ക് മുന്നോടിയായി സംസാരിക്കവെയായിരുന്നു രാഹുലിന്റെ പ്രതികരണം. കൊവിഡിനിടയില്‍ ധൃതിപ്പെട്ട് ഇത് നടപ്പാക്കേണ്ട ആവശ്യമെന്തായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആറുവര്‍ഷമായി മോദി രാജ്യത്തെ ജനങ്ങളോട് കള്ളം പറഞ്ഞു കൊണ്ടിരിക്കുകായണെന്നും രാഹുല്‍ പറഞ്ഞു.

‘മോദി അംബാനിയുടെയും അദാനിയുടെയും കയ്യിലെപാവയാണ്. ഈ കരിനിയമങ്ങള്‍ പാസാക്കിയതിലൂടെ താങ്ങുവില, ഭക്ഷ്യധാന്യ സംഭരണം തുടങ്ങി ഇന്ത്യന്‍ കാര്‍ഷിക വൃത്തിയുടെ പ്രധാന തൂണുകളെ തകര്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്,’ അദ്ദേഹം പറഞ്ഞു.

മൂന്ന് ദിവസമാണ് കോണ്‍ഗ്രസ് ഖേതി ബച്ചാവോ യാത്ര സംഘടിപ്പിക്കുന്നത്. പഞ്ചാബില്‍ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ നേരില്‍ കണ്ട് അഭിസംബോധന ചെയ്തുകൊണ്ടാണ് യാത്ര.

ഹരിയാനയിലെ കര്‍ഷകരെ കാണുമെന്നും രാഹുല്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ രാഹുലിനെ കയറ്റില്ലെന്നാണ് ഹരിയാന ആഭ്യന്തര മന്ത്രി വ്യക്തമാക്കിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rahul Gandhi says Congress never get back from the struggle against farmers bill

We use cookies to give you the best possible experience. Learn more