'ആദിവാസികളുടെ ഭൂമി പിടിച്ചെടുക്കാന്‍ വ്യവസായികളെ സഹായിക്കുകയാണ് ബി.ജെ.പി'; ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് രാഹുല്‍ ഗാന്ധി
national news
'ആദിവാസികളുടെ ഭൂമി പിടിച്ചെടുക്കാന്‍ വ്യവസായികളെ സഹായിക്കുകയാണ് ബി.ജെ.പി'; ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st November 2022, 7:37 pm

വഡോദര: ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആദിവാസികളുടെ ഭൂമി പിടിച്ചെടുക്കാന്‍ വ്യവസായികളെ സഹായിക്കുകയാണ് ബി.ജെ.പി ചെയ്യുന്നത് എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

തിങ്കളാഴ്ച സൂറത്തില്‍ നടന്ന പൊതുറാലിയിലൂടെ തന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ കാരണം രാജ്യത്തെ കര്‍ഷകരുടെ അവസ്ഥ പരിതാപകരമാണെന്നും യുവജനങ്ങള്‍ തൊഴില്‍രഹിതരാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

”ആദിവാസികളെ വനവാസികള്‍ എന്നാണ് ബി.ജെ.പി വിളിക്കുന്നത്. ആദിവാസികള്‍ എന്നാല്‍ ഈ നാട്ടിലെ ആദ്യത്തെ താമസക്കാരാണ് . ഇത് അവരുടെ രാജ്യമാണ്, നിങ്ങളുടെ രാജ്യമാണ്.

പക്ഷെ ഇന്ന് നിങ്ങളുടെ ഭൂമികളെല്ലാം വ്യവസായികള്‍ക്ക് കൈമാറ്റം ചെയ്യുകയാണ്. നിങ്ങള്‍ അവരുടെ (ബി.ജെ.പി നേതാക്കള്‍) വ്യവസായ സുഹൃത്തുക്കളുടെ കാടുകളില്‍ ജീവിക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്.

കാലക്രമേണ നിങ്ങളെ നിങ്ങളുടെ കാടുകളില്‍ നിന്നും പുറത്താക്കും,” രാഹുല്‍ ഗാന്ധി പറഞ്ഞു.

”നിങ്ങളുടെ ഭൂമിയും തൊഴിലിനുള്ള അവകാശവും തിരിച്ചുതരാന്‍ വേണ്ടി ഞങ്ങള്‍ (കോണ്‍ഗ്രസ്) ബില്ലുകള്‍ പാസാക്കുകയും നിയമങ്ങള്‍ കൊണ്ടുവരികയും ചെയ്തു. എന്നാല്‍ ബി.ജെ.പി ആ നിയമം നടപ്പിലാക്കിയില്ല. അവര്‍ക്ക് നിങ്ങളുടെ ഭൂമി തട്ടിയെടുക്കുകയാണ് വേണ്ടത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാരത് ജോഡോ യാത്ര തുടരുന്നതിനിടെ കൂടിയാണ് ഗുജറാത്തില്‍ രാഹുല്‍ പ്രചരണത്തിന് തുടക്കമിട്ടിരിക്കുന്നത്.

അതിനിടെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗുജറാത്തില്‍ തുടര്‍ച്ചയായി പൊതുറാലികളില്‍ പങ്കെടുക്കുന്നുണ്ട്.

അതേസമയം ഡിസംബര്‍ ഒന്നിനാണ് ഗുജറാത്തില്‍ ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ അഞ്ചിനാണ് രണ്ടാം ഘട്ടം.

ഡിസംബര്‍ പത്തിനാണ് വോട്ടെണ്ണല്‍. ഗുജറാത്തില്‍ 182 നിയമസഭാ സീറ്റുകളാണുള്ളത്. മൊത്തം 4.9 കോടി വോട്ടര്‍മാരില്‍, 3,24,420 കന്നിവോട്ടര്‍മാരാണ്.

ആദ്യഘട്ട തെരഞ്ഞടുപ്പില്‍ 89 മണ്ഡലങ്ങളിലും, രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 93 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുക.

1995 മുതല്‍ ബി.ജെ.പി ഭരണത്തില്‍ തുടരുന്ന ഗുജറാത്തില്‍ വലിയ വെല്ലുവിളിയാണ് ഇത്തവണ അവര്‍ നേരിടുന്നത്. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇരുവര്‍ക്കും പകരം പുതിയ ബദല്‍ കൊണ്ടുവരുമെന്ന വാഗ്ദാനവുമായി ആം ആദ്മി പാര്‍ട്ടിയും രംഗത്തുണ്ട്.

Content Highlight: Rahul Gandhi says BJP is Helping Industrialists to snatch Tribal Lands