ജയ്പൂര്‍: രാജസ്ഥാനില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ഗൂഢാലോചന നടത്തുന്നെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണര്‍ കാലതാമസം വരുത്തുന്നത് ഇതിനാലാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
നിയമസഭ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണര്‍ തയ്യാറാകണമെന്നും അങ്ങനെ മാത്രമെ രാജ്യത്തിന് മുന്നില്‍ സത്യം വെളിവാകൂവെന്നും രാഹുല്‍ പറഞ്ഞു.
‘ഭരണഘടനയുടേയും നിയമത്തിന്റേയും അടിസ്ഥാനത്തിലാണ് രാജ്യം ഭരിക്കുന്നത്. സര്‍ക്കാര്‍ ഉണ്ടാകുന്നതും പ്രവര്‍ത്തിക്കുന്നതും ജനങ്ങളുടെ തീരുമാനപ്രകാരമാണ്. സര്‍ക്കാരിനെ വീഴ്ത്തുന്നതിനുള്ള ബി.ജെ.പി ഗൂഢാലോചന വ്യക്തമാണ്’, രാഹുല്‍ പറഞ്ഞു.
രാജസ്ഥാനിലെ എട്ട് കോടി ജനങ്ങളെ അപമാനിക്കുകയാണ് ഗവര്‍ണര്‍ ചെയ്യുന്നതെന്നും രാഹുല്‍ പറഞ്ഞു.
അതേസമയം നിയമസഭ സമ്മേളനം ഉടനടി വിളിക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം പരിഗണിക്കുന്നതിനു മുമ്പ് തനിക്ക് പല കാര്യങ്ങള്‍ പരിശോധിക്കാനുണ്ടെന്നാണ് ഗവര്‍ണറുടെ പക്ഷം. കേസ് സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ നിയമാഭിപ്രായം കിട്ടണം.
കൊവിഡ് സാഹചര്യത്തില്‍ നിയമസഭ സമ്മേളനം വിളിക്കാമോ എന്നും പരിശോധിക്കണമെന്നുമാണ് ഗവര്‍ണര്‍ പറയുന്നത്.
200 അംഗ നിയമസഭയില്‍ 102 കോണ്‍ഗ്രസ് എം.എല്‍.എമാരുടെ പിന്തുണയാണ് ഗെലോട്ടിനുള്ളത്. പുറമെ സ്വതന്ത്രരുടെയും ചെറു പാര്‍ട്ടികളുടെയും പിന്തുണയുണ്ട്.
നിയമസഭ സമ്മേളനം വിളിക്കാന്‍ ഗവര്‍ണര്‍ വൈകുന്തോറും, തനിക്കുള്ള പിന്തുണയില്‍ ചോര്‍ച്ച ഉണ്ടാകാമെന്ന് ഗെലോട്ട് ഭയക്കുന്നുണ്ട്. ബി.ജെ.പിയുടെ പിന്നാമ്പുറ കളികളുമുണ്ട്. കൂടുതല്‍ എം.എല്‍.എമാരെ ചാക്കിടാനുള്ള സാവകാശമാണ് ഗെലോട്ടിനെതിരെ നീങ്ങുന്നവര്‍ തേടുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക