ചെന്നൈ: കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രത്തിന് പിന്‍വലിക്കേണ്ടി വരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തമിഴ്‌നാട്ടില്‍ ജെല്ലിക്കട്ട് ആഘോഷങ്ങളുടെ ഭാഗമായി പങ്കെടുത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ വാക്കുകള്‍ കുറിച്ച് വെച്ചോളൂ, കര്‍ഷക വിരുദ്ധ നിയമം കേന്ദ്രത്തിന് പിന്‍വലിക്കേണ്ടി വരും,’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. മാധ്യമങ്ങളോട് സംസാരിക്കുന്നതിന്റെ വീഡിയോയും ഇതിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.
കര്‍ഷകരുടെ നടപടിയില്‍ ഞാന്‍ അഭിമാനിക്കുന്നു, ഞാന്‍ അവരെ പരിപൂര്‍ണമായും പിന്തുണയ്ക്കുന്നു, അവരെ പിന്തുണയ്ക്കുന്നത് തുടരും. അവരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നത് ഇനിയും തുടരും. മാത്രമല്ല, എന്റെ വാക്കുകള്‍ കുറിച്ച് വെച്ചോളൂ, കേന്ദ്രം ഈ നിയമങ്ങള്‍ എടുത്ത് മാറ്റാന്‍ നിര്‍ബന്ധിതരാകും,’ രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.
തമിഴ് സംസ്‌കാരത്തെയും ഭാഷയേയും അകറ്റിനിര്‍ത്താന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും അതിനെ മറികടക്കുന്നതിന്റെ ഭാഗമാണ് ഈ സന്ദര്‍ശനമെന്നുമായിരുന്നു തമിഴ്നാട് സന്ദര്‍ശനവേളയില്‍ രാഹുല്‍ പറഞ്ഞത്. ഇനിയും താന്‍ തമിഴ്നാട്ടില്‍ വരുമെന്നും ഇവിടുത്തെ ജനങ്ങളെയും സംസ്‌കാരത്തെയും കൂടുതല്‍ പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മധുരയിലാണ് ജെല്ലിക്കെട്ട് ആഘോഷങ്ങള്‍ നടക്കുന്നത്. ജെല്ലിക്കെട്ടില്‍ രാഹുലിന്റെ സാന്നിദ്ധ്യം കര്‍ഷകരോടുള്ള പിന്തുണ ഒന്നുകൂടി ഊട്ടിയുറപ്പിക്കുമെന്ന് പാര്‍ട്ടിയുടെ തമിഴ്‌നാട് മേധാവി കെ.എസ് അളഗിരി പറഞ്ഞിരുന്നു.
തമിഴ് സംസ്‌കാരവും ചരിത്രവും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം തോന്നുന്നു. ജെല്ലിക്കെട്ട് വളരെ സുരക്ഷിതമായി സംഘടിപ്പിച്ചിരിക്കുന്നു. കാളയ്ക്കും ആഘോഷത്തില്‍ പങ്കെടുക്കുന്നവര്‍ക്കും കൃത്യമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്’, എന്നായിരുന്നു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് രാഹുല്‍ പറഞ്ഞത്.
അതേസമയം ജെല്ലിക്കെട്ടിനെ പിന്തുണച്ചെത്തിയ രാഹുലിന്റെ നടപടിക്കെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു. തമിഴ്‌നാട്ടിലെ കോണ്‍ഗ്രസിന്റെ തീരുമാനത്തിന് വിരുദ്ധമായാണ് നടപടിയെന്നായിരുന്നു വിമര്‍ശനം.
2016 ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പത്രികയിലെ പ്രധാന വാഗ്ദാനം ജെല്ലിക്കെട്ട് നിരോധനമായിരുന്നു. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ജെല്ലിക്കെട്ട് നിരോധിക്കുമെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക