ന്യൂദല്‍ഹി: അഴിമതികള്‍ നടത്തിയിട്ടും ഗൗതം അദാനി സ്വതന്ത്രനായി നടക്കുകയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
അദാനിയുമായുള്ള ഇടപാടില്‍ ജെ.പി.സി അന്വേഷണം വേണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. അദാനിക്കെതിരെ അമേരിക്കയില്‍ കൈക്കൂലി കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.
അദാനി ഒരേസമയം ഇന്ത്യന്‍ നിയമങ്ങളും അമേരിക്കന്‍ നിയമങ്ങളും ലഘിക്കുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു. ദല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. അദാനിയെ സംരക്ഷിക്കുന്നത് സെബി ചെയര്‍മാനായ മാധബി പുരി ബുച്ചാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയും ഒരുപോലെയാണ്. മോദി അദാനിയെ പൂര്‍ണമായും സഹായിക്കുകയാണ്. അതിനാലാണ് തങ്ങള്‍ ജെ.പി.സി അന്വേഷണം ആവശ്യപ്പെടുന്നത്. മാധബി ബുച്ച് ഉള്‍പ്പെടെയുള്ള ഉന്നതതല നേതാക്കളും പ്രധാനമന്ത്രിയും അദാനിയും ചേര്‍ന്നുള്ള ഒരു നെറ്റ് വര്‍ക്കാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയില്‍ നിയമനടപടി നേരിടുന്ന അദാനി ഇന്ത്യയില്‍ സ്വതന്ത്രനായി നടക്കുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നുന്നുവെന്നും രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ പിന്തുണ ലഭിക്കുന്ന കാലയളവ് വരെ അദാനി രാജ്യത്ത് സുരക്ഷിതാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
10-15 കോടി രൂപയുടെ അഴിമതി ആരോപണക്കേസില്‍ മുഖ്യമന്ത്രിമാര്‍ ജയിലില്‍ കഴിയുന്ന രാജ്യത്ത്, 2000 കോടിയുടെ അഴിമതി നടത്തിയ അദാനിക്കെതിരെ നടപടിയെടുക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അദാനിയെ അറസ്റ്റ് ചെയ്യണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
അദാനിക്കെതിരെ മാധബി ബുച്ച് അന്വേഷണം നടത്താത്തതില്‍ നിയമനടപടി സ്വീകരിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
ഇരുപത് വര്‍ഷത്തിനുള്ളില്‍ രണ്ട് ബില്യണ്‍ ഡോളര്‍ ലാഭം പ്രതീക്ഷിക്കുന്ന സൗരോര്‍ജ വിതരണ കരാറുകള്‍ നേടാന്‍ കൈക്കൂലി ഇടപാടുകള്‍ നടത്തിയെന്നും ഇക്കാര്യം മറച്ചുവെച്ച് അമേരിക്കയില്‍ നിക്ഷേപ തട്ടിപ്പ് നടത്തിയെന്നുമാണ് അദാനിക്കെതിരായ കേസ്.
ഗൗതം അദാനി, ബന്ധു സാഗര്‍ അദാനി ഉള്‍പ്പടെ ഏഴ് പേര്‍ക്കെതിരെയാണ് കേസ്. അദാനിക്കെതിരെയും അദാനി ഗ്രീന്‍ എനര്‍ജി കമ്പനിയിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ വളരെ ഗൗരവമേറിയ കുറ്റങ്ങളാണ് യു.എസ് ചുമത്തിയിരിക്കുന്നത്.
വഞ്ചന, ഗൂഢാലോചന, അഴിമതി കുറ്റങ്ങളാണ് അദാനിക്കെതിരെ ചുമത്തിയത്. ന്യൂയോര്‍ക്കിലെ കോടതിയില്‍ ഒരു ക്രിമിനല്‍ കേസും ഒരു സിവില്‍ കേസുമാണ് അദാനിക്കെതിരെയുള്ളത്.
Content Highlight: Rahul Gandhi says Adani Similar to Modi