|

കേരളത്തിന്റെ പുനര്‍ നിര്‍മ്മാണം സംസ്ഥാന സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്ന് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: കേരളത്തിന്റെ പുനര്‍ നിര്‍മ്മാണം സംസ്ഥാന സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി. ഓരോരുത്തരും അതിനായി പ്രവര്‍ത്തിക്കണമെന്നും രാഹുല്‍ പറഞ്ഞു.

‘പ്രളയ ദുരിതത്തില്‍ കേരളത്തിലെ ജനങ്ങള്‍ ഒരുമിച്ച് നിന്നു. നിരവധി ദുരിത മേഖലയില്‍ പോയിട്ടുണ്ടെങ്കിലും ഇതുപോലെ ഒരേ മനസ്സായി നില്‍ക്കുന്നവരെ ഇവിടെ മാത്രമാണ് കാണാന്‍ കഴിഞ്ഞത്’- രാഹുല്‍ ഗാന്ധി പറഞ്ഞു.

ദുരിതബാധിതരുടെ പുനരധിവാസവും തകര്‍ന്ന പ്രദേശങ്ങളുടെ പുനര്‍ നിര്‍മ്മാണവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ സാധ്യമാക്കുമെന്നും രാഹുല്‍ പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാണിക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. ആ നിലപാട് മാറുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

വയനാട്ടില്‍ വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയ രാഹുല്‍ മൂന്നാം ദിവസം ആറാം മയില്‍, വൈത്തിരി സെന്റ് ക്ലാരറ്റ് പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്.

വയനാടിനെ പുനര്‍ നിര്‍മ്മിച്ച് സന്തുലിതമായ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത തെരഞ്ഞടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. നാല് ദിവസത്തെ മണ്ഡല സന്ദര്‍ശനത്തിനെത്തിയതാണ് രാഹുല്‍.