ന്യൂദല്‍ഹി: രാജ്യവ്യാപകമായി ഇന്ന് 24 മണിക്കൂര്‍ പണിമുടക്കി ഭാരത് ബന്ദിന്റെ ഭാഗമാകുന്ന 25 കാടി തൊഴിലാളികളെയും അഭിന്ദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ ജനവിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ നയങ്ങള്‍ ഭീതിതമായ അവസ്ഥയിലുള്ള തൊഴിലില്ലായ്മയാണ് ഇന്ത്യയില്‍ സൃഷ്ടിച്ചതെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
പൊതുമേഖല സ്ഥാപനങ്ങളെ മോദി ഉറ്റവരായ മുതലാളി സുഹൃത്തുക്കള്‍ക്ക് വിറ്റ് ന്യായീകരണങ്ങള്‍ ചമയ്ക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി- ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ചൊവ്വാഴ്ച അര്‍ധരാത്രി ആരംഭിച്ച പണിമുടക്കില്‍ രാജ്യം നിശ്ചലമാണ്. തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്ത പണിമുടക്കില്‍ രാജ്യത്തിന്റെ സമസ്ത മേഖലയും അണിചേര്‍ന്നിട്ടുണ്ട്.
കേരളത്തില്‍ പണിമുടക്ക് പൂര്‍ണ്ണമായി തുടരുകയാണ്. കെ.എസ്.ആര്‍.ടി.സിയും പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു.
പുതുച്ചേരിയില്‍ ബന്ദിന്റെ പ്രതീതിയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. ഒഡിഷയില്‍ സംയുക്ത തൊഴിലാളി യൂണിയനുകള്‍ പ്രകടനം നടത്തി.