ന്യൂദല്‍ഹി: ഒ.ബി.സി വിഭാഗത്തിന് പ്രത്യേക സംവരണമില്ലാത്ത വനിത സംവരണം അപൂര്‍ണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രം ഒ.ബി.സി വിഭാഗത്തെ അവഗണിക്കുന്നുവെന്നും 90 കേന്ദ്ര സെക്രട്ടറിമാരില്‍ ഒ.ബി.സി വിഭാഗത്തില്‍നിന്നുള്ളത് മൂന്ന് പേര്‍ മാത്രമെന്നും ലോക്‌സഭയില്‍ സംസാരിക്കവെ രാഹുല്‍ പറഞ്ഞു.
ഒ.ബി.സിക്കാരുടെ കൃത്യമായ കണക്ക് ലഭിക്കാന്‍ ജാതി സെന്‍സസ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘സ്ത്രീകളെ ശാക്തീകരിക്കാനുള്ള ഏറ്റവും വലിയ ചുവടുവെപ്പായിരുന്നു പഞ്ചായത്തീ രാജ് സംവിധാനം. വനിത സംവരണ ബില്ലിനെ പിന്തുണക്കുന്നു. എന്നാല്‍, ജനസംഖ്യയില്‍ വലിയൊരു വിഭാഗം ബില്ലിന് പുറത്താണ്.
ജാതി സെന്‍സസ് അടിസ്ഥാനമാക്കി വനിത സംവണ ബല്ലില്‍ ഒ.ബി.സി വിഭാഗത്തിന് പ്രത്യേക പ്രാതിനിധ്യം നല്‍കണം. സാധിക്കുമെങ്കില്‍ ബില്ല് ഇന്ന് തന്നെ നടപ്പാക്കണം, വൈകിപ്പിക്കരുത്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവിന്റെ അഭാവത്തേയും രാഹുല്‍ ചോദ്യം ചെയ്തു.
‘നല്ല മയിലും ബെഞ്ചുകളുമുള്ള പാര്‍ലമെന്റില്‍, രാഷ്ട്രപതി മാത്രമില്ല. അവര്‍ ആദിവാസി സമൂഹത്തെയാണ് പ്രതിനിധീകരിക്കുന്നത്. അവരുടെ സാമീപ്യം പാര്‍ലമെന്റിന് കൂടുതല്‍ കരുത്ത് പകരുമായരും,’ രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
എസ്.സി, എസ്.ടി, ഒ.ബി.സി ഉപസംവരണം വേണമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പെഴ്സണുമായ സോണിയ ഗാന്ധി ലോക്സഭയില്‍ ആവശ്യപ്പെട്ടു. നിയമം ഉടന്‍ തന്നെ നടപ്പാക്കണമെന്നും സോണിയ ഗാന്ധി ലോക്സഭയില്‍ പറഞ്ഞു.
Content Highlight: Rahul Gandhi said that women’s reservation without special reservation for OBC category is incomplete