വിശാഖപട്ടണം: തൊഴിലില്ലായ്മയാണ് ഇന്ന് ഇന്ത്യയുടെ ഏറ്റവും വലിയ ഭീഷണിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയിലെ ആന്ധ്രാപ്രദേശില്‍ നിന്നുള്ള അനുഭവങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചപ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഭാരത് ജോഡോ യാത്രക്കിടെ ഞാന്‍ കണ്ടുമുട്ടിയ എല്ലാ ചെറുപ്പക്കാരും ഓരോ ചെറുകിട വ്യവസായിയും
ജോലി ചെയ്യുന്ന ഓരോ ഇന്ത്യക്കാരനും ആശങ്ക പങ്കുവെക്കുന്നത് തൊഴിലില്ലായ്മയെക്കുറിച്ചാണ്. തന്റെ ജോലി നഷ്ടപ്പെടുമോ, അല്ലെങ്കില്‍ നിലവിലെ അവസ്ഥ മോശമാകുമോ, ഒരിക്കലും ജോലി കണ്ടെത്താന്‍ കഴിയാത്ത സ്ഥിതിയുണ്ടാകുമോ എന്ന ഭയത്താലാണ് ഓരോ ഭാരതീയനും മുന്നോട്ടുപോകുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ സ്റ്റീല്‍ പ്ലാന്റിലെയും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനിലെയും ജീവനക്കാരുമായും ജോലിയില്ലാത്ത യുവാക്കളുമായും ഇന്ന് ഞാന്‍ നടത്തിയ ആശയവിനിമയത്തില്‍ ഈ ഭയം പ്രകടമായിരുന്നു.
നമ്മുടെ രാജ്യത്തിന്റെ സ്വത്തുക്കള്‍ തന്റെ മിത്രങ്ങള്‍ക്ക് നേട്ടത്തിനായി ദുരുപയോഗം ചെയ്ത ‘രാജാവ്’ ഭരിക്കുന്ന രാജ്യമായി നമ്മുടേത്. അനിയന്ത്രിതമായ സ്വകാര്യവല്‍ക്കരണം നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ത്തു. ഇത് രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളെ തകര്‍ത്തെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിക്ക് അത്യന്താപേക്ഷിതമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പൊതുമേഖലാ സ്ഥാപനങ്ങളിലും താഴെത്തട്ടിലുള്ള കൂട്ടായ്മയിലും പഞ്ചായത്തുകളിലും വലിയ സാധ്യതയുണ്ട്. അതിന് സര്‍ക്കാരിനുമേല്‍ സമ്മര്‍ദമുണ്ടാകണം.
സ്വാതന്ത്ര്യസമരകാലത്ത് കോണ്‍ഗ്രസ് ‘രാജാവ്’ എന്ന ആശയത്തിനെതിരെ പോരാടിയിരുന്നു. അത് തുടരാനുള്ള മാനസികാവസ്ഥയാണ് ഇപ്പോഴുമുള്ളത്. തെറ്റായ നയങ്ങള്‍ക്കെതിരെയും ജനങ്ങളുടെ ക്ഷേമം തിരിച്ചുപിടിക്കാനുമുള്ള പ്രക്ഷോഭം ഉറപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
ആന്ധ്രാപ്രദേശിലാണ് നിലവില്‍ ജോഡോ യാത്ര പര്യടനം നടക്കുന്നത്. ഇതിനകം മൂന്ന് സംസ്ഥാനങ്ങളാണ് പദയാത്ര പിന്നിട്ടത്.
കഴിഞ്ഞ മാസം ഏഴിന് കന്യാകുമാരിയില്‍ നിന്ന് തുടങ്ങിയ പദയാത്ര നാല് ദിവസം തിമഴ്നാട്ടിലും 19 ദിവസം കേരളത്തിലും സഞ്ചരിച്ചു. കര്‍ണാടകയില്‍ 21 ദിവസം പിന്നിട്ടാണ് ആന്ധ്രാപ്രദേശിലേക്ക് യാത്ര പ്രവേശിച്ചത്.
CONTENT HIGHLIGHTS: Rahul Gandhi said that unemployment is the biggest threat to India today