വിശാഖപട്ടണം: തൊഴിലില്ലായ്മയാണ് ഇന്ന് ഇന്ത്യയുടെ ഏറ്റവും വലിയ ഭീഷണിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയിലെ ആന്ധ്രാപ്രദേശില്‍ നിന്നുള്ള അനുഭവങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചപ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഭാരത് ജോഡോ യാത്രക്കിടെ ഞാന്‍ കണ്ടുമുട്ടിയ എല്ലാ ചെറുപ്പക്കാരും ഓരോ ചെറുകിട വ്യവസായിയും
ജോലി ചെയ്യുന്ന ഓരോ ഇന്ത്യക്കാരനും ആശങ്ക പങ്കുവെക്കുന്നത് തൊഴിലില്ലായ്മയെക്കുറിച്ചാണ്. തന്റെ ജോലി നഷ്ടപ്പെടുമോ, അല്ലെങ്കില്‍ നിലവിലെ അവസ്ഥ മോശമാകുമോ, ഒരിക്കലും ജോലി കണ്ടെത്താന്‍ കഴിയാത്ത സ്ഥിതിയുണ്ടാകുമോ എന്ന ഭയത്താലാണ് ഓരോ ഭാരതീയനും മുന്നോട്ടുപോകുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ സ്റ്റീല്‍ പ്ലാന്റിലെയും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനിലെയും ജീവനക്കാരുമായും ജോലിയില്ലാത്ത യുവാക്കളുമായും ഇന്ന് ഞാന്‍ നടത്തിയ ആശയവിനിമയത്തില്‍ ഈ ഭയം പ്രകടമായിരുന്നു.
നമ്മുടെ രാജ്യത്തിന്റെ സ്വത്തുക്കള്‍ തന്റെ മിത്രങ്ങള്‍ക്ക് നേട്ടത്തിനായി ദുരുപയോഗം ചെയ്ത ‘രാജാവ്’ ഭരിക്കുന്ന രാജ്യമായി നമ്മുടേത്. അനിയന്ത്രിതമായ സ്വകാര്യവല്‍ക്കരണം നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ത്തു. ഇത് രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളെ തകര്‍ത്തെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.