അബ്ദുല്‍ റഹീമിനെ മോചിപ്പിക്കാനുള്ള മലയാളികളുടെ ശ്രമം ആര്‍.എസ്.എസിനുള്ള കേരളത്തിന്റെ മറുപടി: രാഹുല്‍ ഗാന്ധി
Kerala News
അബ്ദുല്‍ റഹീമിനെ മോചിപ്പിക്കാനുള്ള മലയാളികളുടെ ശ്രമം ആര്‍.എസ്.എസിനുള്ള കേരളത്തിന്റെ മറുപടി: രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th April 2024, 11:15 am

കോഴിക്കോട്: സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അബ്ദുല്‍ റഹീമിനെ മോചിപ്പിക്കാന്‍ മലയാളികള്‍ നടത്തിയ ശ്രമങ്ങള്‍ ആര്‍.എസ്.എസിനുള്ള കേരളത്തിന്റെ മറുപടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അബ്ദുല്‍ റഹീഎമ്മിനായി മലയാളികള്‍ ജാതി-മത ഭേദമന്യേ ഒരുമിച്ച് നിന്നുവെന്നും രാഹുല്‍ പറഞ്ഞു. കോഴിക്കോട് ബീച്ചില്‍ നടന്ന യു.ഡി.എഫ് മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

ചുരുങ്ങിയ ദിവസം കൊണ്ടാണ് 34 കോടി രൂപ സ്വരൂപിക്കുക എന്ന ലക്ഷ്യത്തിലേക്ക് മലയാളികള്‍ എത്തിയതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമല്ലെന്നും തച്ചുടക്കാന്‍ കഴിയാത്ത സംസ്‌കാരമാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. വെറുപ്പിന്റെ രാഷ്ട്രീയത്തെ കേരളത്തിലുള്ളവര്‍ ഒറ്റക്കെട്ടായി പ്രതിരോധിച്ചുവെന്നും രാഹുല്‍ പറഞ്ഞു.

കേരളത്തിന്റെ സംസ്‌കാരം സമീപ കാലത്ത് ഉണ്ടായതല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളീയരില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഒരു രാജ്യം, ഒരു ഭാഷ, ഒരു നേതാവ് എന്നതാണ് ബി.ജെ.പിയുടെ സങ്കല്‍പം. അതെങ്ങനെ നമ്മുടെ രാജ്യത്തിന്റേത് ആകും? ഒരു നേതാവ് മതിയെന്ന സങ്കല്‍പം നാടിനോടുള്ള അവഹേളനമാണെന്നും വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന പ്രചരണ റാലിയില്‍ രാഹുല്‍ പറഞ്ഞിരുന്നു.

ജന്മം നല്‍കിയ നാട്ടില്‍ നിന്ന് ജാതിയുടെയും മതത്തിന്റെയും പേര് പറഞ്ഞ് ഒരാളെയും നാടുകടത്താന്‍ ഇന്ത്യാ സഖ്യം സമ്മതിക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി. രാജ്യത്തെ ഫാസിസത്തില്‍ നിന്ന് രക്ഷിക്കുമെന്നും രാഹുല്‍ ഉറപ്പ് നല്‍കി.

ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്ത് വരാതിരിക്കാന്‍ ബി.ജെ.പിയും പ്രധാനമന്ത്രിയും നിരന്തരം പരിശ്രമങ്ങള്‍ നടത്തിയെന്നും രാഹുല്‍ പറഞ്ഞു. ലോകം കണ്ട ഏറ്റവും വലിയ തീവെട്ടി കൊള്ളയാണ് ഇലക്ടറല്‍ ബോണ്ടെന്നും അത് പ്രധാനമന്ത്രി നേതൃത്വം നല്‍കിയ കൊള്ളയാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

Content Highlight: Rahul Gandhi said that the efforts made by the Malayalees to free Abdul Rahim was Kerala’s answer to the RSS