ന്യൂദല്‍ഹി: രാം ലീല മൈതാനിയില്‍ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ക്രിക്കറ്റിലുണ്ടായ ഒത്തുകളി പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പിനെ മാറ്റിമറിച്ചെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
തെരഞ്ഞെടുപ്പിലെ എല്ലാ കാര്യങ്ങളും മോദിയുടെ നിയന്ത്രണത്തില്‍ ആണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. മാച്ച് ഫിക്‌സിങ് പോലെയാണ് രാജ്യത്തെ നടപടികളെല്ലാം മോദി നടത്തുന്നതെന്നും രാഹുല്‍ പറഞ്ഞു.
‘തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടിയാല്‍ ഭരണഘടന മാറ്റുമെന്നാണ് ഒരു ബി.ജെ.പി നേതാവിന്റെ വാദം. ഓര്‍ക്കുക, ഭരണഘടന ജനങ്ങളുടെ ശബ്ദമാണ്. ബി.ജെ.പിയുടെ നീക്കം പൂര്‍ത്തിയാകുന്ന ദിവസം രാജ്യം പൂര്‍ത്തിയാകും,’ രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ ഒരുപിടി ശതകോടീശ്വരന്മാരുടെ സഹായത്താലാണ് മോദി ഇതെല്ലാം ചെയ്യുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചു. ഇത് വോട്ടിന്റെ തെരഞ്ഞെടുപ്പല്ലെന്നും ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. രാജ്യത്തെ പണമെല്ലാം നാലഞ്ച് പേര് കൈവശം വെച്ചിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.
വിവേകത്തോടെ ഇന്ത്യയിലെ പൗരന്മാര്‍ വോട്ട് നല്‍കിയില്ലെങ്കില്‍ ഒത്തുകളിക്കാരന്‍ വിജയിക്കുമെന്നും പ്രതിപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നതില്‍ മോദിക്ക് താത്പര്യക്കുറവുണ്ടെന്നും രാഹുല്‍ പറഞ്ഞു. ജാതി സെന്‍സസ്, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയവയാണ് രാജ്യം നേരിടുന്ന നിലവിലെ പ്രശ്‌നങ്ങള്‍ എന്നും കര്‍ഷകരുടെ ദുരിതമകറ്റാന്‍ വേണ്ടിയാണ് പോരാടണമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
അതേസമയം ഇന്ത്യാ മുന്നണിയുടെ മഹാറാലിയില്‍ അരവിന്ദ് കെജ്രിവാളിന്റെ സന്ദേശം അദ്ദേഹത്തിന്റെ പങ്കാളി സുനിത കെജ്രിവാള്‍ വായിച്ചിരുന്നു. ദേശത്തെ സ്നേഹിക്കുന്ന ആളല്ലേ കെജ്രിവാള്‍ അദ്ദേഹം രാജിവെക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോയെന്ന് രാം ലീല മൈതാനിയില്‍ തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തോട് സുനിത കെജ്രിവാള്‍ ചോദിച്ചു. ഇല്ലെന്നായിരുന്നു ജനങ്ങള്‍ നല്‍കിയ മറുപടി.
Content Highlight: Rahul Gandhi said that Modi changed the election like a match in cricket