ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമെതിരെ രൂക്ഷ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എകിസ്റ്റ് പോളിന്റെ മറവില്‍ നരേന്ദ്ര മോദി ഓഹരി വിപണിയില്‍ തട്ടിപ്പ് നടത്തിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാഹുലിന്റെ ആരോപണം.
ജൂണ്‍ നാലിന് സ്റ്റോക്ക് മാര്‍ക്കറ്റില്‍ വന്‍ കുതിപ്പുണ്ടാകുമെന്ന് മോദിയും അമിത് ഷായും പറഞ്ഞു. ഇരുവരും സ്റ്റോക്കുകള്‍ വാങ്ങിവെക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ ജൂണ്‍ ഒന്നിന് വ്യാജ എക്സ്റ്റിറ്റ് പോളുകള്‍ പുറത്തുവന്നു. തുടര്‍ന്ന് ജൂണ്‍ നാലിന് കോടികളുടെ നഷ്ടമുണ്ടായെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സെബി അന്വേഷണം നടക്കുന്ന കമ്പനിയുടെ ചാനലില്‍ മോദിയും അമിത് ഷായും നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ ആരോപണം.
മെയ് 31ന് സ്റ്റോക്ക് മാര്‍ക്കറ്റില്‍ കോടികളുടെ വിദേശ നിക്ഷേപമുണ്ടായെന്നാണ് കണക്കുകള്‍. അതേസമയം 30 ലക്ഷം കോടിയുടെ നഷ്ടം മാര്‍ക്കറ്റില്‍ ഉണ്ടായിട്ടുമുണ്ട്. നഷ്ടപ്പെട്ടത് സാധാരണക്കാരുടെ പണമാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് മോദിയും അമിത് ഷായും ചേര്‍ന്ന് നടത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ ജെ.പി.സി (പാര്‍ലമെന്ററി സംയുക്ത സമിതി) അന്വേഷണം നടത്തണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. മോദിയും ഷായും നടത്തിയ അവകാശ വാദങ്ങള്‍ നിര്‍മല സീതാരാമന്‍ ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. അത് എന്തുകൊണ്ടാണെന്നും രാഹുല്‍ ചോദിച്ചു.
400 സീറ്റ് കിട്ടില്ല എന്ന് അറിഞ്ഞുകൊണ്ടാണ് മോദിയും അമിത് ഷായുമെല്ലാം ഈ ആഹ്വാനം നടത്തിയതെന്നും രാഹുല്‍ പറഞ്ഞു. മോദിക്കും അമിത് ഷായ്ക്കും വ്യാജ എക്‌സിറ്റ് പോള്‍ നടത്തിയവര്‍ക്കുമെതിരെ അന്വേഷണം വേണമെന്നാണ് രാഹുല്‍ ഉയര്‍ത്തിയ പ്രധാന ആവശ്യം.
Content Highlight: Rahul Gandhi said that Modi and Shah have fraud the stock market under the guise of elections