|

'മണിപ്പൂരിനെ ഇന്ത്യയുടെ ഭാഗമായി കാണാന്‍ മോദിയും ബി.ജെ.പിയും തയ്യാറല്ല'; ഭാരത് ജോഡോ ന്യായ് യാത്രയില്‍ രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും മണിപ്പൂരിനെ ഇന്ത്യയുടെ ഭാഗമായല്ല കാണുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മണിപ്പൂരിലെ ഭരണവ്യവസ്ഥ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മണിപ്പൂരിലെ തൗബാലില്‍ നിന്ന് തുടക്കം കുറിച്ച ഭാരത് ജോഡോ ന്യായ് യാത്രയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണിപ്പൂരിലെ നിലവിലെ സ്ഥിതിഗതികളെ അടിസ്ഥാനമാക്കിക്കൊണ്ട് തന്നെയാണ് ഭാരത് ജോഡോ ന്യായ് യാത്ര മണിപ്പൂരില്‍ നിന്ന് ആരംഭിക്കാന്‍ തീരുമാനിച്ചതെന്നും രാഹുല്‍ പറഞ്ഞു. എന്‍.ഡി.എ സര്‍ക്കാര്‍ മണിപ്പൂരിലാകമാനം വിദ്വേഷം പടര്‍ത്തിയെന്നും ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും രാഷ്ട്രീയം വെടുപ്പിന്റേതാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ ന്യായ് യാത്ര ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കാന്‍ വേണ്ടിയുള്ളതാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി.

മണിപ്പൂരിന് പുറമേ നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, മേഘാലയ, അസം തുടങ്ങിയ നാല് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൂടെയും ബീഹാര്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ ഉള്‍പ്പെടെയുമുള്ള സംസ്ഥാനങ്ങളിലൂടെയുമാണ് ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോവുന്നത്. ഭാരത് ജോഡോ ന്യായ് യാത്ര മാര്‍ച്ച് 21ന് മഹാരാഷ്ട്രയില്‍ സമാപിക്കും.

1891ലെ ആംഗ്ലോ-മണിപ്പൂര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായി നിര്‍മിച്ച തൗബാലിലെ ഖോങ്ജോം യുദ്ധ സ്മാരകത്തില്‍ രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചതിനുശേഷമാണ് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും ഭാരത് ജോഡോ ന്യായ് യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തത്.

Content Highlight: Rahul Gandhi said that Modi and BJP are not ready to see Manipur as a part of India