കൊവിഡിനെതിരെയുള്ള മോദിയുടെ 'മികച്ച ആസൂത്രണത്തോടെയുള്ള പോരാട്ടം' രാജ്യത്തെ പടുകുഴിയില്‍ എത്തിച്ചത് ഇങ്ങനെ; എണ്ണിപ്പറഞ്ഞ് രാഹുല്‍
Rahul Gandhi
കൊവിഡിനെതിരെയുള്ള മോദിയുടെ 'മികച്ച ആസൂത്രണത്തോടെയുള്ള പോരാട്ടം' രാജ്യത്തെ പടുകുഴിയില്‍ എത്തിച്ചത് ഇങ്ങനെ; എണ്ണിപ്പറഞ്ഞ് രാഹുല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th September 2020, 9:46 am

ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ കൊവിഡിനെതിരെയുള്ള മികച്ച ആൂത്രണത്തോടെയുള്ള പോരാട്ടം രാജ്യത്തെ പടുകുഴിയില്‍ കൊണ്ടെത്തിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ സാമ്പത്തിക തകര്‍ച്ച തൊഴില്‍ നഷ്ടം കൊവിഡ് കേസുകളുടെ ഉയര്‍ന്ന കണക്ക് എന്നിവയില്‍ പ്രതികരിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

‘കൊവിഡിനെതിരെയുള്ള മോദി സര്‍ക്കാരിന്റെ മികച്ച ആസൂത്രണത്തോടെയുള്ള പോരാട്ടം രാജ്യത്തെ പടുകുഴിയില്‍ എത്തിച്ചത് ഇങ്ങനെ:

24 ശതമാനം ജി.ഡി.പിയുടെ ചരിത്രപരമായ താഴ്ച,

12 കോടിയുടെ തൊഴില്‍ നഷ്ടം,

15.5 ലക്ഷം കോടിയുടെ അധിക സമ്മര്‍ദ്ദ വായ്പകള്‍,

ആഗോളതലത്തില്‍ ഉയര്‍ന്ന പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണവും മരണവും.

എന്നിട്ടും കേന്ദ്ര സര്‍ക്കാരും മാധ്യമങ്ങളും ഇപ്പോഴും പറയുന്നു ‘എല്ലാം സുഖപ്പെട്ടു’,’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

കൊവിഡ് പ്രതിരോധത്തിലുണ്ടായ മോദി സര്‍ക്കാരിന്റെ പാളിച്ചയാണ് ഉയര്‍ന്ന കൊവിഡ് വ്യാപനത്തിലേക്ക് രാജ്യത്തെ തള്ളിയിട്ടതെന്ന് രാഹുല്‍ ഗാന്ധി നേരത്തെയും പറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ആസൂത്രണമില്ലാതെയുള്ള ലോക്ക്ഡൗണ്‍ നടപ്പാക്കലും പ്രതിരോധ പ്രവര്‍ത്തനങ്ങളും രാജ്യത്തെ സാമ്പത്തിക രംഗത്തെ പൂര്‍ണമായും തകര്‍ത്തുവെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു.

മോദി സര്‍ക്കാരിന്റെ കഴിവുകേട് ഒന്നുകൊണ്ട് മാത്രമാണ് കൊവിഡ് കണക്കുകളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാമതായി എത്തിനില്‍ക്കുന്നതെന്നും മുമ്പ് രാഹുല്‍ പ്രതികരിച്ചിരുന്നു.

മോദി സര്‍ക്കാരിന്റെ മോശം ഇടപെടലുകള്‍ മൂലം ലോകത്തിലേക്കും വെച്ച് രണ്ടാമത്തെ ഉയര്‍ന്ന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യമായി ഇന്ത്യ മാറി.

കഴിഞ്ഞ ഒരാഴ്ചത്തെ മാത്രം കണക്കുകള്‍ പരിശോധിക്കുമ്പോള്‍ യു.എസിനേക്കാളും ബ്രസീലിനേക്കാളും ഉയര്‍ന്ന കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച മാത്രം ലോകമെമ്പാടുമുള്ള മൊത്തം കേസുകളുടെ 40% ഇന്ത്യയില്‍ നിന്നായിരുന്നു. കൊവിഡ് വ്യാപനത്തിന്റെ തോത് ഒരു ഘട്ടത്തില്‍ പോലും കുറഞ്ഞിട്ടില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.

നേരത്തെ ജി.ഡി.പിയുടെ ചരിത്രപരമായ തകര്‍ച്ചയ്ക്ക് കാരണം ജി.എസ്.ടി നടപ്പാക്കിയതാണെന്ന് രാഹുല്‍ പറഞ്ഞിരുന്നു. നിരവധി ചെറുകിട ബിസിനസുകാര്‍, ലക്ഷണക്കണക്കിനാളുകളുടെ ജോലി, യൗവനം, സംസ്ഥാനങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങള്‍ തുടങ്ങി നിരവധിയാണ് ജി.എസ്.ടി കാരണം നശിച്ചത്. ജി.എസ്.ടി എന്ന് പറഞ്ഞാല്‍ സാമ്പത്തിക ദുരന്തമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ആഗോളതലത്തില്‍ പ്രതിദിനം ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. ലോകത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ രാജ്യം തന്നെയാണ് രണ്ടാം സ്ഥാനത്തുള്ളതും. 45 ലക്ഷത്തിലധികം കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rahul Gandhi said Modi Govt’s ‘well-planned fight’ against Covid has put India in an abyss