| Friday, 5th August 2022, 11:51 am

പ്രതിഷേധിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് കോണ്‍ഗ്രസിന് ദല്‍ഹി പൊലീസിന്റെ നോട്ടീസ്; ഭരണഘടനാ സ്ഥാപനങ്ങള്‍ ആര്‍.എസ്.എസ് നിയന്ത്രണത്തിലായെന്ന് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ജനശബ്ദം ഉയരാന്‍ അനുവദിക്കുന്നില്ലെന്നും കേസുകളില്‍ കുടുക്കി ജയിലിലിടുക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

താന്‍ പറയുന്ന കാര്യങ്ങളില്‍ സര്‍ക്കാര്‍ പ്രകോപിതരാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി. എം.പിമാരുടെ പ്രതിഷേധത്തിനിടെ രാവിലെ എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

സത്യങ്ങള്‍ എത്ര പറയുന്നുവോ, അത്രയും ആക്രമണം തനിക്കെതിരെ നടക്കുകയാണ്. വിലക്കയറ്റം, തൊഴിലില്ലായ്മ, ചൈനയുടെ കടന്നുകയറ്റം അങ്ങനെ പല വിഷയങ്ങളും ഉയര്‍ത്തിയാണ് കോണ്‍ഗ്രസിന്റെ സമരം. അതിനെ അക്രമത്തിലൂടെ പ്രതിരോധിക്കുകയാണ് പൊലീസെന്നും രാഹുല്‍ വ്യക്തമാക്കി.

ഭരണഘടനാ സ്ഥാപനങ്ങള്‍ ആര്‍.എസ്.എസ് നിയന്ത്രണത്തിലാണ്. എല്ലായിടത്തും അവരുടെ ആളുകളെ നിയോഗിച്ചിരിക്കുന്നു. സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യ എവിടെയാണെന്നും രാഹുല്‍ ചോദിച്ചു.

ഇതിനിടയില്‍ കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ ദല്‍ഹി പൊലീസില്‍ നിന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള നോട്ടീസ് കിട്ടിയെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. പൊലീസ് നടപടി കാര്യമാക്കുന്നില്ലെന്നും സമരം തുടരുമെന്നും വേണുഗോപാല്‍ പറഞ്ഞു.

ഇ.ഡി രാജ്യത്തെ സൂപ്പര്‍ പട്ടാളമായി മാറിയിരിക്കുകയാണെന്നും രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയാണെന്നും കെ.സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. സഭ നടക്കുമ്പോള്‍ സമന്‍സ് അയച്ച് രാജ്യസഭ പ്രതിപക്ഷ നേതാവിനെ ഇ.ഡി വിളിപ്പിക്കുന്നത് കേട്ടുകേള്‍വി പോലും ഇല്ലാത്ത നടപടിയാണ്. സഭയിലെ മര്യാദകള്‍ക്ക് വിരുദ്ധമാണിത്. ഇ.ഡി നടപടിയെ നിയമപരമായി നേരിടാന്‍ ഭയമില്ലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് രാഷ്ട്രപതി ഭവനിലേക്ക് കോണ്‍ഗ്രസ് എം.പിമാര്‍ മാര്‍ച്ച് നടത്തുകയാണ്. പ്രധാനമന്ത്രിയുടെ വീട് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ ഉള്‍പ്പെടെ ഉപരോധിക്കും. വിലക്കയറ്റം, അഗ്നിപഥ് തുടങ്ങിയ നിരവധി വിഷയങ്ങള്‍ ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

സംസ്ഥാന തലത്തിലും കോണ്‍ഗ്രസ് വലിയ പ്രതിഷേധത്തിനാണൊരുങ്ങുന്നത്. എം.എല്‍.എമാര്‍ അതത് രാജ് ഭവനിലേക്ക് മാര്‍ച്ച് നടത്തും. നാഷണല്‍ ഹെറാള്‍ഡ് ആസ്ഥാനത്തെ യങ് ഇന്ത്യന്‍ കമ്പനി ഓഫീസ് ഇ.ഡി മുദ്രവെച്ചതിനെതിരെ രാജ്യസഭയിലും ലോക്‌സഭയിലും പ്രതിപക്ഷം ശക്തമായ പ്രതിഷേധം തുടരും.

പ്രതിഷേധത്തിനിടെ ജന്തര്‍മന്തര്‍ ഒഴികെ ദല്‍ഹിയില്‍ എല്ലായിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നാഷണല്‍ ഹെറാള്‍ഡ് ഓഫീസ് ഇ.ഡി സീല്‍ ചെയ്തതിലുള്ള കോണ്‍ഗ്രസ് പ്രതിഷേധം കണക്കിലെടുത്താണ് നിയന്ത്രണം.

നിരോധനാജ്ഞ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്നും എ.ഐ.സി.സി ആസ്ഥാനത്തിന് മുന്നില്‍ ബോര്‍ഡ് സ്ഥാപിച്ചു. പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു തുടങ്ങി. എ.ഐ.സി.സി ആസ്ഥാനം ദല്‍ഹി പൊലീസും കേന്ദ്ര സേനകളും വളഞ്ഞിരിക്കുകയാണ്.

CONTENT HIGHLIGHTS: Rahul Gandhi said constitutional institutions are under the control of RSS

We use cookies to give you the best possible experience. Learn more