10 വര്‍ഷത്തിനുള്ളില്‍ കോണ്‍ഗ്രസില്‍ 50 ശതമാനം വനിതാ മുഖ്യമന്ത്രിമാര്‍ വേണം : രാഹുല്‍ ഗാന്ധി
national news
10 വര്‍ഷത്തിനുള്ളില്‍ കോണ്‍ഗ്രസില്‍ 50 ശതമാനം വനിതാ മുഖ്യമന്ത്രിമാര്‍ വേണം : രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st December 2023, 6:24 pm

കൊച്ചി: അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 50 ശതമാനം സ്ത്രീകളെ വനിതാമുഖ്യമന്ത്രിമാരാക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി എം.പി. പാര്‍ട്ടിയുടെ സംഘടനാ തലത്തില്‍ സ്ത്രീകളെ സജീവമായി പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയാകാന്‍ കഴിവുള്ള നിരവധി വനിതാ നേതാക്കള്‍ പാര്‍ട്ടിയില്‍ ഉണ്ടെന്നും എറണാകുളത്ത് നടന്ന കേരള കോണ്‍ഗ്രസ് സമ്മേളനമായ ‘ഉത്സാഹ’ ഉദ്ഘാടനം ചെയ്ത് രാഹുല്‍ ഗാന്ധി പറഞ്ഞു.

‘ഇനി നമുക്ക് നേടാനുള്ള ലക്ഷ്യം എന്തായിരിക്കണം എന്ന് ഞാന്‍ ചര്‍ച്ച ചെയ്യുകയായിരുന്നു. ഇന്നുമുതല്‍ 10 വര്‍ഷത്തിനുള്ളില്‍ നമ്മുടെ മുഖ്യമന്ത്രിമാരില്‍ 50% സ്ത്രീകളായിരിക്കണമെന്നതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ലക്ഷ്യമാകേണ്ടതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ന് ഞങ്ങള്‍ക്കൊരു വനിതാ മുഖ്യമന്ത്രി പോലുമില്ല. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ മികച്ച മുഖ്യമന്ത്രിമാരാകാന്‍ കഴിവുള്ള നിരവധി സ്ത്രീകള്‍ ഉണ്ടെന്ന് എനിക്കറിയാം,’ അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസിനെ കടന്നാക്രമിച്ച രാഹുല്‍ ഗാന്ധി പാര്‍ട്ടി, ഒരു പുരുഷ സംഘടനയാണെന്ന് പറഞ്ഞു.

‘സ്ത്രീകള്‍ പലതരത്തില്‍ പുരുഷന്മാരെക്കാള്‍ ശ്രേഷ്ഠരാണെന്ന് ഞാന്‍ കരുതുന്നു. അവര്‍ക്ക് പുരുഷന്മാരെക്കാള്‍ ക്ഷമയും ദീര്‍ഘവീക്ഷണവുമുണ്ട്.അവര്‍ പുരുഷന്മാരെക്കാള്‍ കൂടുതല്‍ സെന്‍സിറ്റീവും അനുകമ്പയുള്ളവരുമാണ്. സ്ത്രീകള്‍ അധികാരസംവിധാനത്തിന്റെ ഭാഗമാകണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അധികാര സംവിധാനങ്ങളില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തുന്നത് ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമല്ല. ആര്‍.എസ്.എസിന്റെ ചരിത്രത്തില്‍ ഒന്നും തന്നെ സ്ത്രീകള്‍ക്ക് അതിന്റെ പ്രധാന പദവികള്‍ നല്‍കിയിട്ടില്ല,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

ആര്‍.എസ്.എസും കോണ്‍ഗ്രസും തമ്മിലുള്ള അടിസ്ഥാന പോരാട്ടം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ വഹിക്കേണ്ട പങ്കിനെ കുറിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ വനിതാ സംവരണ ബില്‍ പാര്‍ലമെന്റ് അംഗീകരിച്ചിട്ടും നടപ്പാക്കുന്നത് മരവിപ്പിച്ചതിനെ അദ്ദേഹം വിമര്‍ശിച്ചു.

Content Highlight:  Rahul Gandhi said Congress wants 50 per cent women chief ministers in 10 years